കോതമംഗലം: വന്യമൃഗശല്യം മൂലം വീടുകളും വസ്തുവകകളും ഉപേക്ഷിച്ച് താമസക്കാർ നാടുവിടുന്നു.കോതമംഗലം കോട്ടപ്പടി പഞ്ചായത്തു നിവാസികളാണ് വന്യമൃഗ ശല്യം മൂലം ഉള്ളതെല്ലാം വിട്ടെറിഞ്ഞ് നാടുവിടുന്നത്.അടുത്തിടെ ഇത്തരത്തിൽ ഇവിടെ നിന്നും താമസം മാറിപ്പോകുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.

വാവേലി ,വടക്കുംഭാഗം മേഖലകളിൽ മിക്ക ദിവസങ്ങളിലും കാട്ടാനകൂട്ടം എത്തുന്നുണ്ട്. വ്യാപകമായി കൃഷിനാശം സൃഷ്ടിച്ചാണ് ഇവ കാടുകയറുന്നത്.വീടുകൾക്ക് മുകളിലേയ്ക്ക് ഇലട്രിക് ലൈനുകളിലേയ്ക്കും ആനക്കൂട്ടം മരം മറിച്ചിട്ട സംഭവങ്ങളും ഇവിടെ നിന്നും പുറത്തുവന്നിട്ടുണ്ട്.

കൃഷിസ്ഥലങ്ങളിൽ നിന്നും ഓടിക്കാൻ ശ്രമിക്കുമ്പോൾ ആനകൾ ചിഹ്നം വിളിച്ചെത്തി വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങളും ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാട്ടാനക്കൂട്ടത്തിന് പുറമെ കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി കൃഷികൾ നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്.

വന്യമൃഗ ശല്യം വ്യാപകമായതോടെ പ്രദേശവാസികൾ ഏറെയും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതമായിരിക്കുകാണ്.ഏക്കറ് കണക്കിന് കൃഷി ഭൂമിയും എല്ലാവിധ സൗകര്യങ്ങളുമുള്ള കോൺക്രീറ്റ് വീടുകളും മറ്റും ഉപേക്ഷിച്ചാണ് താമസക്കാർ ഇവിടങ്ങളിൽ നിന്നും ഒഴിവാകുന്നത്.വനാതിർത്തിയോട് ചേർന്നുള്ള ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒട്ടുമിക്കവയും കാടുകയറി നശിക്കുകയാണ്.

മാറി താമസിക്കാൻ ഒരിടമില്ലന്നും ഏതുനിമഷവും ആനക്കൂട്ടം ആക്രമിക്കപ്പെട്ടേയ്ക്കാമെന്ന ഭീതിയിലാണ് ഓരോ നിമഷവും കഴിച്ചുകൂട്ടുന്നതെന്നും സർക്കാർ ഇടപെട്ട് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കണമെന്നുമാണ് വനാതിർത്തികളിലെ താമസക്കാരുടെ പ്രധാന ആവശ്യം.

ആന ശല്യം നിയന്ത്രിക്കാൻ വനംവകുപ്പ് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് വേണ്ടെത്ര പ്രയോജനപ്പെടുന്നില്ലന്നുള്ള പരാതിയും പരക്കെ ഉയർന്നിട്ടുണ്ട്.ഫെൻസിംഗിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള കമ്പിവേലിക്ക് മുകളിലേയ്ക്ക് മരം മറിച്ചിട്ട് ആനകൾ തന്നെ ഇത് പലസ്ഥലത്തും തകരാറിൽ ആക്കിയിരിക്കുകയാണെന്നും കേടുപാടുകൾ പരിഹരിക്കുന്നതിന് ഒച്ചിഴയും വേഗം മാത്രണുള്ളതെന്നുമാണ് നാട്ടുകാരുടെ പരിതേവനം.