- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറഞ്ഞ നിലയ്ക്ക് വാങ്ങിയ തണ്ണീർത്തടങ്ങൾ ഉയർന്ന വിലയ്ക്ക് സർക്കാരിനെ കൊണ്ടുഏറ്റെടുപ്പിക്കാൻ നീക്കം; കോഴിക്കോട് താലൂക്കിൽ പുതിയ തന്ത്രം പയറ്റി മാഫിയ സംഘങ്ങൾ; കോട്ടുളി തണ്ണീർത്തടം സംരക്ഷിക്കുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി
കോഴിക്കോട്: 200 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കോട്ടൂളി തണ്ണീർത്തടം ഉൾപ്പെടെ മണ്ണിട്ട് നികത്തൽ വ്യാപകമെന്ന് പരാതി. കോഴിക്കോട് താലൂക്കിലെ കോട്ടൂളി, വേങ്ങേരി, ചേവായൂർ എന്നീ വില്ലേജുകളിലായുള്ള 200 ഏക്കറിലധികം സ്ഥലത്താണ് ഏറെ പാരിസ്ഥിതി പ്രാധാന്യമുള്ള തണ്ണീർത്തടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നഗരത്തിന്റെ ജലയറയായി അറിയപ്പെടുന്ന പ്രദേശത്താണ് മണ്ണിട്ട് നികത്തൽ വ്യാപകമായത്. പരാതികളുടെ പശ്ചാത്തലത്തിൽ നിയമസഭ പരിസ്ഥിതി സമിതി തണ്ണീർത്തടം സന്ദർശിച്ചു.
കോട്ടൂളി തണ്ണീർത്തടം സംരക്ഷിക്കുമെന്ന് നിയമസഭ പരിസ്ഥിതി സമിതി ചെയർമാൻ ഇ കെ വിജയൻ എംഎൽഎ പറഞ്ഞു. കോട്ടൂളി തണ്ണീർതടം പരിധിയിൽ ഉൾപ്പെടുന്ന കണ്ടൽ കാടുകൾ ഉൾപ്പടെ സംരക്ഷിച്ച് നിർത്തുമെന്നും സ്വകാര്യ വ്യക്തികളുടെ ഭൂമിയുൾപ്പടെ നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടൂളി തണ്ണീർത്തടം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കണ്ടൽ കാടുകൾ സംരക്ഷിക്കുവാനായി പ്രത്യേക പദ്ധതി സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് പരിസ്ഥിതി സമിതി നിർദ്ദേശിച്ചു. തണ്ണീർത്തടം ഉൾപ്പെടുന്ന ഭാഗങ്ങളിൽ മണ്ണിട്ട് നികത്തിയ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്നുൾപ്പെടെ മണ്ണ് നീക്കം ചെയ്ത് പൂർവ്വസ്ഥിതിയിലേക്ക് മാറ്റാനും സമിതി നിർദ്ദേശിച്ചു.
കോട്ടൂളി തണ്ണീർത്തടം ഉൾപ്പെടുന്ന അരയിടത്ത്പാലവും സരോവരവും സമിതിയുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും ചെയ്തു. പരിസ്ഥിതി സമിതി അംഗങ്ങളായ പി കെ ബഷീർ എംഎൽഎ, ലിന്റോ ജോസഫ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, ടി ഐ മധുസൂദനൻ എംഎൽഎ, കെ ഡി പ്രസേനൻ എംഎൽഎ, ജോബ് മൈക്കിൾ എംഎൽഎ, സമിതി സെക്രട്ടറി ബി ശ്രികുമാർ എന്നിവർ സംബന്ധിച്ചു.
ഇതേ സമയം തണ്ണീർത്തടങ്ങൾ, കണ്ടൽ കാടുകൾ തുടങ്ങി പാരിസ്ഥിതികമായി പ്രധാന്യമുള്ള സ്ഥലങ്ങൾ കുറഞ്ഞ തുകയ്ക്ക് വാങ്ങി പാരിസ്ഥിതിക- ജല സംരക്ഷണമെന്ന പേരിൽ ഉയർന്ന വിലയ്ക്ക് സർക്കാരിനെ കൊണ്ട് ഏറ്റെടുപ്പിച്ച് കോടികൾ ലാഭം ലക്ഷ്യമാക്കി ചില ഗൂഡ സംഘങ്ങൾ പ്രവർത്തനം നടത്തുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. 2008 മുതൽ ജില്ല ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തണ്ണീർ തടങ്ങൾ, കണ്ടൽ കാടുകൾ തുടങ്ങി നിർമ്മാണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണമുള്ള ഭൂമി ചെറിയ തുകയ്ക്ക് വാങ്ങി മണ്ണിട്ട് നികത്താൻ ശ്രമം നടത്തുകയും ഗൂഢ സംഘങ്ങളുടെ ഒത്താശയോടെ പ്രദേശത്ത് ജനകീയ സമര കമ്മിറ്റികളും സന്നദ്ധ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ തടയുകയും ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച് സർക്കാരിന് സമ്മർദ്ദം നൽകി ഭൂമി വൻ തുകയ്ക്ക് ഏറ്റെടുപ്പിക്കുകയാണ് തന്ത്രമെന്ന് പൗരാവകാശ സംരക്ഷണ സമിതി വ്യക്തമാക്കി.
ഗൂഢ സംഘങ്ങൾ കുറഞ്ഞ തുകയ്ക്ക് വാങ്ങി കൂട്ടിയ ഇത്തരം ഭൂമി വൻ തുകയുടെ പേരിലാണ് വിറ്റ ഉടമ പോലും അറിയാതെ രജിസ്റ്റർ ചെയ്യുന്നത്. ജനകീയ സമര കമ്മിറ്റികളിലും മറ്റും ഇത്തരം ഗൂഢസംഘങ്ങളുടെ പ്രതിനിധികളും ഇവരുടെ സഹായങ്ങൾ കൈപ്പറ്റുന്നവരും ഉണ്ട്. ഇവരെ ഉപയോഗിച്ച് തണ്ണീർ തടങ്ങളും കണ്ടൽ കാടുകളും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുക എന്ന പരാതികളും നിവേദനങ്ങളും മുഖ്യമന്ത്രിയടക്കുള്ളവർക്കും നിയമസഭാ കമ്മിറ്റികൾക്കും മുമ്പാകെ നൽകിയാണ് ഈ ഭൂമി വൻ തുകയ്ക്ക് ഏറ്റെടുപ്പിക്കാനുള്ള നീക്കം. മുൻ നിയമസഭാംഗം അടക്കം നിരവധി പേർക്ക് ഈ ഗൂഢ സംഘങ്ങളുമായി ബന്ധമുണ്ട്.
കോടികൾ ലാഭം ലക്ഷ്യം വെച്ച് ഹവാല പണമിടപാടു സംഘങ്ങൾ നടത്തുന്ന ഇത്തരം നീക്കങ്ങളും തണ്ണീർ തടങ്ങൾ വ്യാപകമായി വാങ്ങിച്ചു കൂട്ടിയ സംഘങ്ങളുടെ സാമ്പത്തിക സ്രോതസും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തണമെന്നും പൗരവകാശ സംരക്ഷണ സമിതി ചെയർമാൻ സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.