കൊല്ലം: മുതിർന്ന എംഎ‍ൽഎയായ കോവൂർ കുഞ്ഞുമോന് മന്ത്രി സ്ഥാനം നിഷേധിച്ചതിനെ തുടർന്ന് കടുത്ത നടപടികളെടുക്കാൻ ആർ.എസ്‌പി ലെനിസ്റ്റ്. ഒന്നുകിൽ മന്ത്രി സ്ഥാനം, അതല്ലങ്കിൽ അർഹതപ്പെട്ട ബോർഡ്, കോർപ്പറേഷൻ, പി.എസ്.സി, ദേവസ്വം ബോർഡ് പദവിയെങ്കിലും ലഭിക്കണമെന്ന് ഇടതു മുന്നണിയോട് ആർ എസ് പി ലെനിനിസ്റ്റ് ആവശ്യപ്പെടും.

കേവലം രണ്ടര വർഷത്തെ മന്ത്രി സ്ഥാനം പോലും കൊടുക്കുന്നില്ലെന്ന പരാതിയാണ് പാർട്ടിക്കുള്ളത്. അവസാന ഘട്ടമെന്ന നിലയിൽ തിങ്കളാഴ്ച മുഖ്യമന്ത്രിയെയും മുന്നണി കൺവീനറെയും നേരിൽ കണ്ട് വിഷയം ഉന്നയിക്കുമെന്നും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.ടി ശ്രീകുമാർ, ഷാജി. എസ് പണിക്കർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു ചക്കുവള്ളി, കോവൂർ മോഹൻ എന്നിവർ വ്യക്തമാക്കി. മുഖ്യമന്ത്രി നിഷേധാത്മക നിലപാട് എടുത്താൽ മുന്നണി വിടാൻ തീരുമാനിക്കും. മാതൃപാർട്ടിയായ ആർ എസ് പിയിലേക്ക് ലയിക്കാനും കോവൂർ കുഞ്ഞുമോന്റെ പാർട്ടിക്ക് താൽപ്പര്യമുണ്ട്.

ഇടതുപക്ഷത്തിനൊപ്പം നിന്നിട്ട് ആകെ കിട്ടിയത് കുന്നത്തൂർ സീറ്റ് മാത്രമാണ്. അത് എംഎ‍ൽഎയുടെ സ്വീകാര്യത കണക്കിലെടുത്ത് മാത്രമാണ്. ചെങ്കൊടി പിടിക്കുന്ന തങ്ങൾക്ക് മുന്നണിയിൽ പോലും സംസാരിക്കാൻ അനുവാദമില്ല- - നേതാക്കൾ കുറ്റപ്പെടുത്തി.