കോഴിക്കോട്: ക്ഷേത്രനടത്തിപ്പിനായി പൊലീസുകാരിൽ നിന്ന് പണപ്പിരിവ് നടത്താനുള്ള വിവാദ സർക്കുലർ പിൻവലിച്ചു. കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിനായാണ് വീണ്ടും പൊലീസുകാരിൽ നിന്ന് പണപ്പിരിവ് നടത്താൻ പൊലീസ് കമ്മീഷണർ സർക്കുലർ ഇറക്കിയത്. ക്ഷേത്ര നടത്തിപ്പിനായി ശമ്പളത്തിൽ നിന്ന് പണം റിക്കവറി നടത്തുമെന്ന് കാണിച്ച് കോഴിക്കോട് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് സർക്കുലർ നൽകിയത്.

ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും മാസം തോറും 20 രൂപ റിക്കവറി നടത്തുമെന്ന് കാണിച്ചായിരുന്നു സർക്കുലർ. സേനയിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചതോടെയാണ് സർക്കുലർ പിൻവലിച്ചത്. വർഷങ്ങളായി ഈ ക്ഷേത്രത്തിന്റെ നവീകരണവും നടത്തിപ്പും കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഈ ക്ഷേത്രത്തിന്റെ നടത്തിപ്പിലേക്കായി ഉദ്യോഗസ്ഥരിൽ നിന്ന് പണം പിരിക്കുന്നത് മുൻ വർഷങ്ങളിലും വിവാദം ആയിരുന്നു. പണം പിരിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് സേനയിലെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിയും നൽകിയിരുന്നു.

ശമ്പളത്തിൽ നിന്നും സംഭാവന ഈടാക്കാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും തുക നൽകാൻ താൽപര്യമില്ലാത്തവരുടെ വിവരങ്ങൾ ജൂലൈ 24-ന് മുമ്പായി സമർപ്പിക്കണമെന്നുമാണ് സർക്കുലറിൽ അറിയിച്ചിരുന്നത്. സംഭവം വിവാദമായതോടെയാണ് കമ്മീഷണർ സർക്കുലർ പിൻവലിച്ചത്.