- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത നിർമ്മാണം തന്നെ; സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരന്റെ അനധികൃത കെട്ടിട നിർമ്മാണത്തിൽ രാഷ്ട്രീയ സമ്മർദ്ദങൾക്ക് വഴങ്ങില്ല; കെട്ടിടത്തിന് സ്റ്റോപ്പ് മെമോ പിൻവലിക്കില്ലെന്ന് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്
കോഴിക്കോട്: സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരൻ എ എൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദങൾക്ക് വഴങ്ങില്ലെന്ന് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി നിലപാടെടുത്തിട്ടില്ല.കെട്ടിടം അനധികൃത നിർമ്മാണമെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും ഈ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും സിപിഎം മേയർ മാധ്യമങ്ങളോട് വ്യക്തമാക്കി.
കോഴിക്കോട് സൗത്ത് ബീച്ചിൽ തുറമുഖ വകുപ്പിന്റെ കെട്ടിടം പത്ത് വർഷത്തേക്ക് പാട്ടത്തിനെടുത്തതിന്റെ കരാറിൽ ഒത്തുകളിയെന്ന ആരോപണത്തിന് പിന്നാലെ തുറമുഖ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.ഇതിന്റെ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കാനിരിക്കെയാണ് മേയർ കോർപ്പറേഷന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.നിർമ്മാണം അനധികൃതമാണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ സ്റ്റോപ്പ് മെമോ പിൻവലിക്കില്ലെന്നും,രാഷ്ട്രീയക്കാരുടെ ബന്ധു ഒരു വിഷയത്തിലുണ്ടെങ്കിൽ അതിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്ന് പറയാനാകില്ലെന്നും മേയർ ബീനാ ഫിലിപ്പ് പറഞ്ഞു.
കെട്ടിടത്തിൽ രാജ്യാന്തര ബ്രാൻഡുകൾ വരുന്നത് ടൂറിസത്തെ സഹായിക്കുമെന്നും ഭാവിയിൽ ഗുണകരമാകുമെന്നതിനാൽ നിയന്ത്രണങ്ങൾ നീക്കണമെന്നും പോർട്ട് ഓഫീസർ കോർപ്പറേഷന് കത്തയച്ചിരുന്നു.എന്നാൽ ചട്ടവിരുദ്ധമായ കെട്ടിടത്തിൽ ഇത്തരം ന്യായീകരണങ്ങൾക്ക് സാദ്ധ്യതയില്ലെന്നായിരുന്നു ഇക്കാര്യത്തിൽ മേയറുടെ നിലപാട്.
അതേസമയം കെട്ടിടം പാട്ടത്തിനെടുത്തത് മുതലുള്ള നടപടികളിൽ നടന്നിരിക്കുന്നത് സർവ്വത്ര നിയമലംഘനങ്ങളാണ് എന്നത് രേഖകൾ വ്യക്തമാക്കുന്നു.ടെൻഡർ പോലുമില്ലാതെയാണ് കെട്ടിടം പാട്ടത്തിനു നൽകിയതെന്ന് വിവരാവകാശ രേഖകളിൽ വ്യക്തമാണ്.കരാർ നൽകി ആറ് മാസം കഴിഞ്ഞിട്ടും ഇതുവരെ കെട്ടിടത്തിന് വാടകയും നൽകിയിട്ടില്ല.
കോർപറേഷന്റെയോ തീരദേശ പരിപാലന അഥോറിറ്റിയുടേയോ അനുമതിയില്ലാതെയാണ് കടൽത്തീരത്ത് കെ കെ പ്രദീപ് ആൻഡ് പാർട്‌ണേഴ്‌സ് എന്ന സ്ഥാപനം അനധികൃത നിർമ്മാണം നടത്തിയത്. സ്പീക്കറുടെ സഹോദരൻ ഷാഹിർ, ആർ പി അമർ, കെ കെ പ്രദീപ് എന്നിവരാണ് സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർമാർ.പോർട്ട് ഓഫീസർ കെ അശ്വിനി പ്രതാപുമായി ജനുവരിയിൽ ഒപ്പിട്ട കരാർ രേഖകളിൽ ഷാഹിറും കക്ഷിയാണ്.
മറുനാടന് മലയാളി ബ്യൂറോ