തിരുവനന്തപുരം: തർക്കങ്ങൾ പാർട്ടിയുടെ അതത് തലങ്ങളിൽ തീർക്കണമെന്ന നിർദേശവുമായി കെപിസിസിയുടെ സർക്കുലർ. പരാതി പരിഹാരത്തിനായി പാർട്ടിപ്രവർത്തകരെല്ലാം കെപിസിസി പ്രസിഡന്റിനെ നേരിട്ട് സമീപിക്കുന്നതിന് വിലക്കേർപ്പെടുത്തി. പാർട്ടി പുനഃസംഘടന ആരംഭിച്ച പശ്ചാത്തലത്തിൽ ഗ്രൂപ്പ് തർക്കങ്ങൾ തലവേദനയാകുമെന്ന് മുന്നിൽ കണ്ടാണ് കെപിസിസി അധ്യക്ഷന്റെ നിർദ്ദേശം.

എല്ലാ ജില്ലയിൽ നിന്നും എന്താവശ്യത്തിനും കെപിസിസി പ്രസിഡന്റിനെ കാണാൻ വരുന്ന രീതിയാണ് കോൺഗ്രസ് അവസാനിപ്പിക്കുന്നത്. പരാതി കേൾക്കലും തീർപ്പുണ്ടാക്കലും കെപിസിസി പ്രസിഡന്റിന്റെ പ്രധാന പണിയായി മാറിയതോടെയാണ് സർക്കുലർ. ഇനി മുതൽ ഡിസിസി തലത്തിലുള്ള പ്രശ്‌നങ്ങൾക്കേ കെപിസിസി അധ്യക്ഷനെ സമീപിക്കാനാവു.

അതും ഡിസിസി പ്രസിഡന്റുമാരുടെ അനുമതിയോടെ മാത്രമായിരിക്കും. ബൂത്ത് കമ്മിറ്റിയിലെ തർക്കവിഷയങ്ങൾ മണ്ഡലം പ്രസിഡന്റും മണ്ഡലം കമ്മിറ്റിയിൽ വരുന്ന പരാതികൾ ബ്ലോക്ക് തലത്തിലും പരിഹരിക്കണം. ബ്ലോക്ക് കമ്മിറ്റിയിലെ പ്രശ്‌നങ്ങൾ ജില്ലയുടെ ചാർജ് ഉള്ള കെപിസിസി ജനറൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഡിസിസി അധ്യക്ഷൻ തീർപ്പാക്കണം.

പ്രശ്‌നപരിഹാരങ്ങൾക്കുള്ള ഈ വികേന്ദ്രീകൃത മാതൃക നടപ്പാക്കാൻ എല്ലാ കമ്മിറ്റികൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞു. അച്ചടക്കം സംഘടനയുടെ കെട്ടുറപ്പിന് അത്യാവശ്യമാണെന്നും കീഴ്ഘടകൾ ഇക്കാര്യത്തിൽ നിഷ്‌കർഷത പുലർത്തണമെന്നും പാർട്ടി സർക്കുലറിൽ പറയുന്നു. പുനഃസംഘടനയ്ക്കുള്ള ചർച്ചകൾ തുടങ്ങിയതോടെ പരാതികളുടെ കൂമ്പാരമാണ് കെ സുധാകരന് മുന്നിൽ. ഇതിൽ നിന്നുള്ള രക്ഷ തേടൽ കൂടിയാണ് പുതിയ സർക്കുലർ.