കണ്ണൂർ: യു.ഡി. എഫ് തരംഗമുണ്ടെന്ന് പറയുമ്പോഴും ബിജെപിക്ക് കേരളത്തിൽ നേട്ടം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലപ്രഖ്യാപനങ്ങൾ തള്ളി കോൺഗ്രസ് നേതൃത്വവും. എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നിൽ ഓരോ ദേശീയ മാധ്യമങ്ങൾക്കും ചില രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങളിൽ അതാണ് പ്രതിഫലിച്ചത്. എക്‌സിറ്റ് പോൾ തെറ്റിയ ചരിത്രങ്ങളുമുണ്ട്.കേരളത്തിൽ കോൺഗ്രസ് 20ൽ 20 സീറ്റും നേടുമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കെ സുധാകരൻ പ്രതികരിച്ചു.

അതേസമയം എക്‌സിറ്റ് പോളിൽ വിശ്വാസമില്ലെന്നും ഇന്ത്യ മുന്നണി വിജയിക്കുമെന്നുമാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തിൽ 20ൽ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

യു.ഡി. എഫ് കൺവീനർ എം. എം ഹസനും എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജനും എക്സിറ്റ് പോളുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചിരുന്നു. സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എക്സിറ്റ് പോൾ ഫലപ്രഖ്യാപനങ്ങളെ തള്ളിക്കളഞ്ഞിരുന്നു. ഇടതുവലതു മുന്നണികളെ പ്രതിസന്ധിയിലാക്കി കൊണ്ടാണ് കേരളത്തിൽ ബിജെപി അക്കൗണ്ടു തുറക്കുമെന്നു ചൂണ്ടിക്കാണിച്ചു കൊണ്ടു അഞ്ചു ദേശീയ മാധ്യമങ്ങൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടത്. ഇതേ തുടർന്ന് അങ്കലാപ്പിലായ എൽ.ഡി. എഫ്, യു.ഡി. എഫ് നേതാക്കൾ എക്സിറ്റ് പോളിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് രംഗത്തെത്തിയത്.