മലപ്പുറം: ഇലക്ട്രിക്കൽ ലൈനുകൾക്കിടയിലെ മരങ്ങൾ വെട്ടി മാറ്റുകയായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് നേരെ വടിവാൾ ആക്രമണം. ജീവനക്കാരന് വെട്ടേറ്റു. ആക്രമണം മരച്ചില്ലകൾ കൃഷി സ്ഥലത്ത് വീണതിന്റെ പേരിൽ. ആക്രമണത്തിനിരയായത് സബ് എഞ്ചിനീയറും ഓവർസിയറും അടങ്ങുന്ന സംഘം.

അക്രമിയെ അറസ്റ്റ് ചെയ്ത് തിരൂർ പൊലീസ്. തെക്കൻ കുറ്റൂർ സ്വദേശി കൊടക്കാട്ട് ജമാൽ എന്ന 62കാരനെയാണ് തിരൂർ സിഐ എം.ജെ ജിജോ, എസ്‌ഐ എസ്‌ഐ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കെ.എസ്.ഇ.ബി ജീവനക്കാർക്ക് നേരെ വടിവാൾ ഉപയോഗിച്ചാണ് ഇയാൾ അക്രമം അഴിച്ച് വിട്ടത്. കഴിഞ്ഞദിവസം തെക്കൻ കുറ്റൂർ ഭാഗത്ത് ലൈനുകൾക്കിടയിലെ ചില്ലകളും മറ്റും വെട്ടി മാറ്റുന്നതിനിടെയാണ് സംഭവം.

110കെ.വി ലൈനിന് ഭീഷണിയാകുന്ന തരത്തിൽ നിൽക്കുന്ന മരച്ചില്ലകളും മറ്റും വെട്ടിമാറ്റആൻ മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് ആക്രമണത്തിന് ഇരയായത്. വെട്ടിയ ചില്ലകൾ ഇയാളുടെ കൃഷിയിടത്തിൽ വീണതിനെ ചൊല്ലി കെ.എസ്.ഇ.ബി ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെടുകയും പിന്നാലെ വടിവാളുമായെത്തി ആക്രമിക്കുകയുമായിരുന്നു. ഒരു ജീവനക്കാരന് കൈക്ക് സാരമായ പരിക്ക് പറ്റി. മറ്റുള്ളവർക്ക് രക്ഷപ്പെട്ടു. വെട്ടിപ്പരിക്കേൽപ്പിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.