കണ്ണൂർ: പെപ്‌സി കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്ന് ശ്വാസം കിട്ടാതെ പിടഞ്ഞ പിഞ്ചുകുഞ്ഞിന് വൈദ്യുതി ജീവനകാരുടെ സന്ദർഭോചിത ഇടപെടൽ കാരണം ജീവൻ തിരിച്ചുകിട്ടി. തളിപ്പറമ്പ കെ. എസ് ഇ ബി ഓഫീസിലെ ലൈന്മാന്മാരായ പിവി ചന്ദ്രൻ, ഇ.എം ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് ആറു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് രക്ഷകരായത്.

ഏഴാം മൈൽ ഹബീബ് നഗറിലെ മമ്മു എന്നയാളുടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുഞ്ഞാണ് മരണത്തിൽ നിന്നു അതഭുതകരമായി രക്ഷപ്പെട്ടത്. കുഞ്ഞിനെ ലൈന്മാന്മാർ സാഹസികമായി രക്ഷപ്പെടുത്തി അതിവേഗം തളിപറമ്പിലെ ലൂർദ് ആശുപത്രിയിലെത്തിച്ചതുകൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം.

ക്വാട്ടേഴ്സ് മതിലിനു പുറത്തെ ലൈനിൽ അറ്റകുറ്റപണിക്കായാണ് ലൈന്മാന്മാർ ബൈക്കിൽ എത്തിയിരുന്നത്. ഒരാൾ വൈദ്യുതി തൂണിൽ കയറിയ ശേഷമാണ് പൊടുന്നനെ മതിലിനപ്പുറത്തു നിന്ന് കുഞ്ഞിന്റെ മാതാവിന്റെ നിലവിളി കേട്ടത്. രക്ഷിക്കണേ എന്നാവശ്യപ്പെട്ട് കരയുന്നതിനാൽ വൈദ്യുതിതൂണിനു മേൽ ഉണ്ടായിരുന്നയാളടക്കം ചാടിയിറങ്ങി മതിൽ ചാടിക്കടന്ന് ക്വാർട്ടേഴ്സിലെത്തുകയായിരുന്നു.

കുഞ്ഞ് ശ്വാസം കിട്ടാതെ പിടയുന്ന കാഴ്‌ച്ചയാണ് ഇവർകണ്ടത്. പിന്നീടൊന്നും ആലോചിക്കാൻ നിൽക്കാതെ ഇരുവരും ചേർന്ന് ഉടൻ തങ്ങളുടെ ബൈക്കിൽ കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു. ശ്വാസം നിൽക്കാതിരിക്കാൻ കരുതലോടെയാണ് കുഞ്ഞിനെ ബൈക്കിൽ കൊണ്ടുപോയത്. ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ശ്വാസനാളത്തിൽ അടഞ്ഞു കിടന്ന മൂടി പുറത്തെടുത്തത്.

ഒരു മാസം മുൻപ് മാത്രം വാടകയ്ക്ക് താമസികാനെത്തിയ കുടുംബമാണ് കുഞ്ഞിന്റേത്. അപകടമുണ്ടായപ്പോൾ പരിസരത്തൊന്നും ആരുമുണ്ടായിരുന്നില്ല. കളിക്കാനായി നൽകിയ കുപ്പിയുടെ അടപ്പാണ് പ്രശ്നത്തിനിടയാക്കിയത്. കെ.എസ്. ഇ ബി ജീവനക്കാർ തക്ക സമയത്ത് എത്തിയില്ലായിരുന്നെങ്കിൽ ചിത്രം മറ്റൊന്നായി മാറുമോയെന്ന ആശങ്കയുണ്ടായിരുന്നുവെന്നു കുഞ്ഞിന്റെ വീട്ടുകാർ പറയുന്നു.

മാതൃകാപരമായ ജീവൻ രക്ഷാപ്രവർത്തനം നടത്തിയ ചന്ദ്രനെയും ഉണ്ണികൃഷ്ണനെയും ഉപഹാരം നൽകി കെ. എസ്. ഇബി അനുമോദിച്ചു. അസി എഞ്ചിനീയർ ടി. പി സന്ദീപ്, സബ് എഞ്ചിനിയർമാരായ കെ.എൻ പ്രവീൺ കുമാർ, കെ.സി സജീവ് , സ്സാഫ് സെക്രട്ടറി പി രാജീവൻ എന്നിവർ പങ്കെടുത്തു. സോഷ്യൽമീഡിയയിലടക്കം അഭിനന്ദനപ്രവാഹമാണ് ചന്ദ്രനും ഉണ്ണികൃഷ്ണനും ലഭിക്കുന്നത്.