അമല നഗർ: കെഎസആർടി ബസിൽ യുവതിക്ക് സുഖപ്രസവം. തൃശ്ശൂർ തൊട്ടിപ്പാലം കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്യവേ പ്രസവ വേദന അനുഭവപ്പെട്ട യുവതിയാണ് ബസിൽ കുഞ്ഞിന് ജന്മം നൽകിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോൾ തന്നെ ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ആശുപത്രിയിലെത്തുന്നതിനു മുൻപ് യുവതി പെൺകുഞ്ഞിന് ജന്മം നൽകി.

തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷിന്റെ ഭാര്യ സെറീന (37) യാണ് ബസിൽ പെൺകുട്ടിക്ക് ജന്മം നൽകിയത്. തൃശ്ശൂരിൽ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന സെറീനക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേതുടർന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂർത്തിയായിരുന്നു. തുടർന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സും ബസിൽ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.