കെ എസ് ആർ ടി സിയിൽ ഇനി വെൽഫയർ കമ്മറ്റി മീറ്റിങ് എന്നും രാവിലെ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ കേടുപാടുകൾ തീർത്ത് നിരത്തിലിറക്കുന്നതിനും ശക്തമായ മഴ കാരണമുള്ള പ്രതികൂല കാലാവസ്ഥായിൽ സർവീസ് ഓപ്പറേഷൻ ചെലവ് കുറച്ച് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആലോചനകളുമായി കെ എസ് ആർ ടി സി. ഇതിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുമായി കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കേരളത്തിലെ എല്ലാ യൂണിറ്റ് അധികാരികളും, ഗ്യാരേജ് അധികാരികളും യോഗത്തിൽ പങ്കെടുത്തു.
ഗതാഗതവകുപ്പ് മന്ത്രിയുടെ കൃത്യമായ നിർദ്ദേശങ്ങളും മാർഗ്ഗദർശനങ്ങളും പദ്ധതികളും കൂട്ടായതും കാര്യക്ഷമമായതുമായ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കി വരുന്നത് മികവും സ്വയംപര്യാപ്തതയും എത്രയും വേഗം കൈവരിക്കുവാൻ സഹായിക്കും എന്ന് സി.എം.ഡി വിലയിരുത്തി. സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക, അപകടങ്ങൾ സംഭവിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക, പുതുതായി നിലവിൽവരുന്ന ഓൺലൈൻ സ്റ്റുഡൻസ് കൺസഷൻ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയവയെ സംബന്ധിച്ച് ചർച്ചകൾ നടത്തി.
കൺസെഷൻ സോഫ്റ്റ്വെയറിന്റെ പ്രവർത്തനം യൂണിറ്റ് അധികാരികൾക്ക് വ്യക്തമായി വിശദീകരിച്ച് നൽകി, എല്ലാ യൂണിറ്റുകളിലും ദിവസവും രാവിലെ വെൽഫെയർ കമ്മിറ്റി മീറ്റിങ് (ക്വാളിറ്റി സർക്കിൾ മാതൃകയിൽ) കൂടണമെന്നും യൂണിറ്റ് തലത്തിൽ പരിഹരിക്കാവുന്ന പൊതുവായ അടിയന്തിര വിഷയങ്ങൾ ജീവനക്കാരുടെ വെൽഫയർ വിഷയങ്ങൾ എന്നിവ ചർച്ച ചെയ്ത് യൂണിറ്റ് തലത്തിൽ തന്നെ ഉടൻ പരിഹരിക്കണം. ഇത്തരത്തിൽ യൂണിറ്റ് തലത്തിൽ കഴിയാത്തവ പരിഹാര നിർദ്ദേശങ്ങൾ സഹിതം ചീഫ് ഓഫിസിൽ അറിയിച്ച് പരിഹാരം കാണണമെന്നും വൈദ്യുതി വെള്ളം തുടങ്ങി റക്കറിങ് ചെലവുകൾ എല്ലാ യൂണിറ്റുകളും പ്രവർത്തന മികവിലൂടെ കുറച്ച് കൊണ്ടുവരണമെന്നും സിഎംഡി നിർദ്ദേശിച്ചു.
സർവീസ് ഓപ്പറേഷനിലെ മികവുറ്റ പ്രവർത്തനത്തിന് യൂണിറ്റ് തലത്തിൽ പത്തനാപുരം ഒന്നാം സ്ഥാനവും, വെഞ്ഞാറമൂട്, കോഴിക്കോട് എന്നിവർ രണ്ടും, മൂന്നും സ്ഥാനങ്ങളും നേടി. ഓപ്പറേറ്റിങ് സെന്ററുകളിൽ കുളത്തുപുഴ ഒന്നാം സ്ഥാനവും, ആര്യനാട്, ഇരിഞ്ഞാലക്കുട എന്നിവർ രണ്ടും, മൂന്നും സ്ഥാനവും കരസ്ഥമാക്കി. ഓഫ് റോഡ് ബസുകളുടെ എണ്ണം പരമാവധി കുറച്ച് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ഡിപ്പോ തലത്തിൽ പാലക്കാടും, ഓപ്പറേറ്റിങ് സെന്ററുകളിൽ വടക്കാഞ്ചേരിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.