തൃശ്ശൂർ: കെഎസ്ആർടിസി ബസിനുള്ളിൽ കയറി പ്രസവമെടുത്ത ഡോക്ടർമാർക്കും നഴ്‌സുമാർക്കും മന്ത്രി കെ ബി ഗണേശ് കുമാറിന്റെ സമ്മാനം. തൃശൂർ ഡിടിഒ ഉബൈദിന്റെ നേതൃത്വത്തിൽ അമല ആശുപത്രിയിലെത്തി ഇവരെ അനുമോദിക്കുകയും സമ്മാനം കൈമാറുകയും ചെയ്യും. കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്യവേ പ്രസവവേദന അനുഭവപ്പെട്ട യുവതി ബസിനുള്ളിൽ പെൺകുഞ്ഞിനു ജന്മംനൽകിയത്.

തൃശൂർ-തേഞ്ഞിപ്പാലം കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്യുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയാണ് അമല മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയ ബസിൽ പ്രസവിച്ചത്. തൃശൂരിൽനിന്നു മലപ്പുറം തിരുനാവായയിലേക്കു പോകുകയായിരുന്ന യുവതിക്കു പേരാമംഗലത്തുവച്ചാണ് കഠിനമായ വേദന അനുഭവപ്പെട്ടത്. അതേത്തുടർന്നു യുവതിയെയുംകൊണ്ട് ബസ് അമല ആശുപത്രിയിലേക്കു തിരിച്ചു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയ ബസിൽനിന്നു യാത്രക്കാരെ വേഗത്തിൽ പുറത്താക്കി. ബസിൽ കയറിയ ഡോക്ടറും നഴ്സുമാരും ചികിത്സ തുടങ്ങി.

അപ്പോഴേക്കും യുവതി പ്രസവിച്ചു കഴിഞ്ഞിരുന്നു. ഡോക്ടറും നഴ്സും ബസിൽ വച്ചുതന്നെ പരിചരണം നൽകി അമ്മയെയും കുഞ്ഞിനെയും തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി. 37 വയസുകാരിയായ അമ്മയും പെൺകുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.