തിരുവനന്തപുരം: കീം പരീക്ഷയുടെ പശ്ചാത്തലത്തിൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. പരീക്ഷാർത്ഥികളുടെ തിരക്കിന് അനുസരിച്ച് സർവീസുകൾ ലഭ്യമാക്കുമെന്നാണ് കെഎസ്ആർടിസി അറിയിച്ചത്.

'എല്ലാ ജില്ലകളിൽ നിന്നും വിപുലമായ രീതിയിൽ സർവീസുകൾ ക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രി ഗണേശ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. രാവിലെ 10 മണി മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം മൂന്നര മുതൽ അഞ്ചു മണി വരെയുമാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാർത്ഥികൾക്ക് നിശ്ചിത സമയത്തിന് രണ്ടര മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.

ഈ സമയക്രമം കൂടി പരിഗണിച്ചുള്ള സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്.' യാത്രക്കാരുടെ തിരക്കിനനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.