- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകൾ പൊതുജനങ്ങൾക്ക് ഏറെ ഗുണകരമായിരിക്കുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകൾ പൊതുജനങ്ങൾക്ക് ഏറെ ഗുണകരമായിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡ്രൈവിങ് സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ സ്ഥാപനങ്ങളേക്കാൾ കുറഞ്ഞ നിരക്കാവും ഈടാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹെവി ഡ്രൈവിങ് പരിശീലനത്തിനും കാർ ഡ്രൈവിങ് പഠിക്കാനും 9,000 രൂപയാണ് ഫീസ്. ഇരുചക്ര വാഹനങ്ങൾക്ക് 3,500 രൂപയാണ് ഫീസ്. കാറും ഇരുചക്ര വാഹനവും ചേർത്ത് 11,000 രൂപ ഫീസ് ഈടാക്കുന്ന പാക്കേജുമുണ്ട്. ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കാണ്.
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് കുറഞ്ഞ നിരക്കിലും ഈ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കു പൂർണ സൗജന്യമായും പരിശീലനം നൽകും. ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അതതു വകുപ്പ് ഡയറക്ടർമാർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ ആനയറ സ്റ്റേഷന് സമീപത്താണ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിങ് കോളജിൽ തിയറി ക്ലാസ് നടക്കും.
ഇത്രനാൾ സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ് പരിശീലന കേന്ദ്രങ്ങൾ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രഫഷനൽ മാനദണ്ഡങ്ങളോടെ കെഎസ്ആർടസിസി ഇത്തരമൊരു പരിശീലന കേന്ദ്രത്തിനു തുടക്കം കുറിക്കുന്നത്. കേന്ദ്ര ഉപരിതല മന്ത്രാലയം നിഷ്‌കർഷിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുടെ രീതിയാണു സ്വീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടുകൾ ഇതിനായി ഉപയോഗിക്കും. കെഎസ്ആർടിസി ഡ്രൈവർമാർക്കു പരിശീലനം നൽകിയിരുന്നവരെയാണ് ഇത്തരം കേന്ദ്രങ്ങളിൽ പരിശീലകരായി നിയോഗിക്കുന്നത്. സ്ത്രീകൾക്കു വനിതാ പരിശീലകർ ഉണ്ടാകും. പ്രാക്ടിക്കലിനു പുറമേ വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ച് അറിവു പകരുന്ന തിയറി ക്ലാസും നടത്തും. ഹെവി പരിശീലനത്തിന് ഒഴികെ മറ്റെല്ലാ വിഭാഗത്തിനും പുതിയ വാഹനം ഉപയോഗിക്കും.
ഡ്രൈവർമാരുടെ അശ്രദ്ധ മൂലമാണ് മിക്ക അപകടങ്ങളും ഉണ്ടാകുന്നത്. ഇതൊഴിവാക്കാനാവണം. പരസ്പര ബഹുമാനത്തോടെയും സുരക്ഷിതമായും വാഹനമോടിക്കാൻ പരിശീലിപ്പിക്കേണ്ട കേന്ദ്രങ്ങളിൽനിന്ന് അതുണ്ടാകുന്നില്ല എന്നതു ഖേദകരമായ വസ്തുതയാണ്. എങ്ങനെയെങ്കിലും ലൈസൻസ് എടുത്തുകൊടുക്കുക എന്നതല്ല ഡ്രൈവിങ് പരിശീലന സ്ഥാപനങ്ങളുടെ ചുമതല. സംസ്‌കാര സമ്പന്നമായ നിലയിൽ വാഹനം കൈകാര്യം ചെയ്യാനുള്ള ബോധവൽക്കരണം നൽകാൻ കഴിയണം. ഈ ചുമതല അർഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കാൻ കെഎസ്ആർടിസി ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്കു കഴിയുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.