പത്തനംതിട്ട : കളക്ടറുടെ നിർദ്ദേശം മറികടന്ന് പ്രവർത്തിച്ച ട്യൂഷൻ സെന്റർ കെ. എസ്. യു പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞു. പത്തനംതിട്ട ജില്ലയിലെ മൈലപ്രയിലാണ് സംഭവം. കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.

അവധി പ്രഖ്യാപിച്ച ശേഷവും കലക്ടറുടെ ഉത്തരവിനെ മറികടന്ന് സ്വന്തം നിലയിൽ നിയന്ത്രണങ്ങൾ പറഞ്ഞ് ട്യൂഷൻ സെന്റർ പ്രവർത്തിക്കുന്ന കാര്യം പ്രധാന അദ്ധ്യാപകനായ ജോഷി കുട്ടികൾക്ക് അയച്ചുകൊടുത്തു. ഈ ശബ്ദ സന്ദേശം പുറത്തുപോയതോടെ രാവിലെ അവിടെ എത്തിയ കെഎസ്‌യു പ്രവർത്തകർ ട്യൂഷൻ ക്ലാസ് നടത്തുന്നത് തടയുകയും, പ്രതിഷേധിക്കുകയും ചെയ്തു.

കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അലൻ ജിയോ മൈക്കിളിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തെ മുൻനിർത്തി അപകടങ്ങൾ ഒഴിവാക്കണമെന്ന മുൻകരുതൽ നടപടിയുടെ ഭാഗമായി കലക്ടർ നൽകിയ ഉത്തരവിനെ മറികടക്കുവാൻ ട്യൂഷൻ സെന്റർ അദ്ധ്യാപകന് ആരാണ് അധികാരം നൽകിയത് എന്ന് കെഎസ്‌യു പ്രവർത്തകർ ചോദിച്ചു. പരസ്യമായി നിയമ സംവിധാനത്തെ വെല്ലുവിളിക്കുകയാണ് എന്നും ഇത്തരം നടപടികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും കെഎസ്‌യു നേതാക്കൾ പറഞ്ഞു.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് റിജോ റോയ് തോപ്പിൽ, കെഎസ്‌യു ഭാരവാഹികളായ മെബിൻ നിരവേൽ ആൽഫിൻ പുത്തൻ കയ്യാലക്കൽ, സിബി മൈലപ്രാ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. പൊലീസ് എത്തി ട്യൂഷൻ സെന്റർ അടപ്പിച്ച് നടപടിയെടുക്കാം എന്ന ഉറപ്പ് സമരക്കാർക്ക് നൽകിയതിനുശേഷമാണ് സമരം അവസാനിച്ചത്. പത്തനംതിട്ട അടൂർ തുമ്പമണ്ണും അടക്കം നിരവധി പ്രദേശങ്ങളിൽ ഇതുപോലെ അധികാരികളുടെ ഉത്തരവുകളെ മറികടന്ന് നടന്ന ക്ലാസുകൾ തടഞ്ഞിട്ടുണ്ടെന്ന് ജില്ലാ പ്രസിഡണ്ട് അലൻ ജിയോ മൈക്കിൾ പറഞ്ഞു.