മലപ്പുറം: 75വയസ്സുകാരിയായ അമ്മയെ രാത്രി വീട്ടിൽ നിന്ന് ഇറക്കി വിട്ട് മകനും മരുമകളും. നഗരത്തിൽ അലഞ്ഞ് നടന്ന വയോധികക്ക് തുണയായത് കുറ്റിപ്പുറം പൊലീസ്. വ്യാഴാഴ്ച രാത്രിയാണ് പൊലീസ് ഇടപെടലിൽ വയോധിക വീടണഞ്ഞത്.

കുറ്റിപ്പുറം ടൗണിൽ അലഞ്ഞ് നടക്കുകയായിരുന്നു 75കാരിയായ വയോധികക്കാണ് കുറ്റിപ്പുറം പൊലീസ് എസ്‌ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തുണയായത്. വ്യാഴാഴ്ച രാത്രി വയോധിക ടൗണിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ഉടൻ എസ്‌ഐയും സംഘവും നഗരത്തിലെത്തി സ്ത്രീയെ ഏറ്റെടുത്തു.

ശേഷം നടത്തിയ അന്വേഷണത്തിൽ മകനും മരുമകളും ചേർന്ന് വീട്ടിൽനിന്ന് ഇറക്കി വിട്ടതാണെന്ന് കണ്ടെത്തി. അതോടെ ഇവരുമായി വീട്ടിലേക്ക് പോകുകയും മകനുമായി തുടർ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. മാനസികാസ്വാസ്ത്യം ഉള്ള സ്ത്രീയാണ് 75കാരിയെന്നും ഇടക്കിടക്ക് വീട്ടിൽനിന്നും പുറത്തുപോകുകയും മകനും മരുമകളുമായി പലപ്പോഴും വാക്കേറ്റം ഉണ്ടാകുകയും ചെയ്യാറുണ്ടെന്ന വിവരമാണു പൊലീസിന് ലഭിച്ചത്.

എന്നാൽ ഇത്രയും പ്രായമായ സ്ത്രീയെ വീട്ടിൽനിന്നും ഇറക്കി വിട്ടത് ന്യായീകരിക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. തന്നെ വീട്ടിൽനിന്നും ഇറക്കിവിട്ടതാണെന്നു 75കാരി പൊലീസിനോടും പറഞ്ഞിരുന്നത്. വീ്ട്ടിലെത്തി മക്കളുമായി സംസാരിച്ചപ്പോൾ വാക്കുതർക്കമുണ്ടായതായും പൊലീസിനു വിവരം ലഭിച്ചു. കുറ്റിപ്പുറം എസ്‌ഐ ഷമീൽ, എസ്.സി.പി.ഒ മാരായ വിജീഷ്, അലക്‌സ് സാമുവൽ, സന്തോഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

സംഭവം നടന്ന സ്ഥലം വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ മറ്റുകാര്യങ്ങൾ വളാഞ്ചേരി പൊലീസാണ് അന്വേഷിക്കുന്നതെന്നു കുറ്റിപ്പുറം പൊലീസ് വ്യക്തമാക്കി.