കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ലത്തീൻ സഭ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വ്യക്തമാക്കി. നഷ്ടമുണ്ടായവരുടെ വിവരങ്ങൾ സഹിതം കത്തയക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടിൽ നിന്നും തുക വകയിരുത്തണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം.

ഇതിനിടെ പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് നൽകി. രാസമാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡ് സബ് കളക്ടർക്ക് കൈമാറി. ചത്ത മീനുകളുടെ സാമ്പിളുകളുടെ ഫലം കുഫോസിൽ നിന്നും ലഭിച്ച ശേഷം സമർപ്പിക്കും.

മത്സ്യകുരുതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കർഷകനായ സ്റ്റാൻലി ഡിസ്ല്‌വ നൽകിയ പരാതിയിൽ ഏലൂർ പൊലീസാണ് കേസെടുത്തത്. ഏലൂർ നഗരസഭയും പരാതി നൽകിയിരുന്നു. ഏഴര ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്തുവെന്നും ഇതിന് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയിൽ ഉന്നയിക്കുന്നത്.