- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൊവ്വാഴ്ച ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ
തൊടുപുഴ: ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് ഇടതുമുന്നണി. എൽഡിഎഫ് രാജ്ഭവൻ മാർച്ച് നടത്തുന്ന ദിവസം തന്നെ ഗവർണറെ സമ്മേളനത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത് തെറ്റെന്നും എൽഡിഎഫ് ആരോപിച്ചു.
ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്ന ഒൻപതിന് ഗവർണറെ ഇടുക്കി ജില്ലയിലേക്ക് ക്ഷണിച്ച് വരുത്തിയതാണ് ഇടതുപക്ഷത്തെ പ്രകോപിപ്പിക്കുന്നത്. പാവപ്പെട്ട ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടിൽ നിന്ന് വ്യാപാരി നേതൃത്വം പിന്മാറണമെന്ന് എൽഡിഎഫ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളും കാർഷിക പ്രതിസന്ധിയും മൂലം നിലനിൽപിനായി പോരാടുന്ന മലയോര ജനതയ്ക്കെതിരെയുള്ള ശത്രുതാപരമായ ഈ നീക്കത്തിൽ നിന്ന് ജില്ലയിലെ വ്യാപാരി സമൂഹം പിന്തിരിയണം.
ആർഎസ്എസിന്റെ രാഷ്ട്രീയ നിയന്ത്രണത്തിൽ നിറഞ്ഞാടുന്ന ഗവർണറെ വ്യാപാരി നേതൃത്വം ഇടുക്കിയിലേക്ക് ക്ഷണിച്ചുവരുത്തുന്നത് അപകടകരമായ നീക്കമാണ്. ആർഎസ്എസ് നീക്കങ്ങൾക്ക് പരോക്ഷമായ പിന്തുണ നൽകുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും എൽഡിഎഫ് കൺവീനർ കെ കെ ശിവരാമൻ, സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, എൻസിപി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, ജിൻസൺ വർക്കി എന്നിവർ പറഞ്ഞു