മലപ്പുറം : ഒരു ലക്ഷം പ്രവർത്തകരെ അണിനിരത്തി മുസ്ലിംലീഗ് ചെന്നൈ മറീന ബീച്ചിൽ മഹാറാലി നടത്തും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ എഴുപത്തി അഞ്ചാം വാർഷിക പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ലോഗോ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. മലപ്പുറം ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം പി നന്ദിയും പറഞ്ഞു. 2023 മാർച്ച് 10ന് ചെന്നെയിലാണ് മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം നടക്കുക.

സ്വതന്ത്ര ഭാരതത്തിലെ മുസ്ലിം ലീഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച പഴയ മദിരാശി നഗരത്തിൽ ഇന്നത്തെ ചെന്നൈയിലാണ് ജൂബിലി ആഘോഷങ്ങൾ. ചരിത്രത്തിന്റെ ശൂന്യതയിൽ നിന്ന് ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ അഭിമാനകരമായ അസ്തിത്വം ലക്ഷ്യമായി പ്രഖ്യാപിച്ച് നടത്തിയ ചരിത്ര പ്രയാണം ആരംഭിച്ച രാജാജി ഹാളിൽ 2023 മാർച്ച് 10 ന് രാവിലെ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ യോഗം ചേരുമ്പോൾ അത് ചരിത്രത്തിന്റെ പുനരാവിഷ്‌കാരമാകും. വൈകുന്നേരം ഒരു ലക്ഷം പ്രവർത്തകരെ അണിനിരത്തി ചെന്നൈ മറീന ബീച്ചിൽ മഹാറാലി സംഘടിപ്പിക്കും. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ സംബന്ധിക്കും.
ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര, ജാർഖണ്ഡ്, ആസാം, ആന്ധ്രപ്രദേശ്, കർണാടക, തമിൾനാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ സെമിനാറുകളും വൈവിധ്യമായ പരിപാടികളും സംഘടിപ്പിക്കും.

വർത്തമാനകാല ഇന്ത്യയിലെ ഫാസിസ്റ്റ് വെല്ലുവിളികളും ജനാധിപത്യ പ്രതിരോധത്തിന്റെ സാധ്യതകളും സെമിനാറുകളിൽ ചർച്ചയാകും. യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.റ്റി.യു, വനിത ലീഗ്, ലോയേർസ് ഫോറം, കർഷക സംഘം ദേശീയ ഘടകങ്ങളും വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഏഴര പതിറ്റാണ്ടുകാലത്തെ മഹത്തായ അതിജീവന രാഷ്ട്രീയത്തിന്റെ മാതൃകയെ ദേശീയ തലത്തിൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിപുലമായ കർമ്മ പരിപാടികൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയ മോഡൽ ദേശീയ തലത്തിൽ വ്യാപിപ്പിക്കാനും മുസ്ലിം ന്യുനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ പൊതു ശബ്ദമായി രാജ്യമെമ്പാടും മുസ്ലിം ലീഗിനെ ശക്തമാക്കാനുമുള്ള അവസരമായി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയെന്ന് ദേശീയ പ്രസിഡന്റ് കെ എം ഖാദർ മൊയ്തീനും ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

ദേശീയ ട്രഷറർ പി വി അബ്ദുൾ വഹാബ് എം പി, വൈസ് പ്രസിഡന്റ് അബ്ദുൾ സമദ് സമദാനി എംപി, കെ.പി.എ മജീദ് എംഎ‍ൽഎ, ഡോ.എം.കെ മുനീർ, തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ എം മുഹമ്മദ് അബൂബക്കർ, കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എംഎ‍ൽഎ, സി.പി ചെറിയ മുഹമ്മദ്, അബ്ദുൽ റഹിമാൻ രണ്ടത്താണി, അഡ്വ. യു.എ ലത്തീഫ് എംഎ‍ൽഎ, പി. അബ്ദുൽ ഹമീദ് എംഎ‍ൽഎ, പി ഉബൈദുല്ല എം എൽ എ, ദേശീയ അസി: സെക്രട്ടറിമാരായ സി.കെ സുബൈർ, എംപി മുഹമ്മദ് കോയ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി അഡ്വ: വി.കെ ഫൈസൽ ബാബു, ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ജനറൽ സെക്രട്ടറി മുഹമ്മദ് അർഷദ് പ്രസംഗിച്ചു.