കൊച്ചി : ഭാരതീയ കലാസാഹിത്യ സംസ്‌കാരധാരകളെ പരിപോഷിപ്പിക്കുന്നതിനുള്ള ദേശീയ സംരംഭത്തിന്റെ ഭാഗമായി ബംഗാൾ രാജ്ഭവനിൽ തുടക്കം കുറിച്ച 'മിഷൻ കലാക്രാന്തി' ഏർപ്പെടുത്തിയ ഗവർണേഴ്‌സ് അവാർഡ് ഫോർ എക്‌സലൻസ് ഡോ. എം. ലീലാവതിക്ക് ഗവർണർ ഡോ. സി.വി. ആനന്ദബോസ് ലീലാവതി ടീച്ചറിന്റെ വസതിയിലെത്തി സമ്മാനിച്ചു.

50,000 രൂപയും കീർത്തി പത്രവും ഫലകവുമുൾപ്പെടുന്നതാണ് പുരസ്‌കാരം.ലീലാവതി ടീച്ചറിന് ബംഗാൾ രാജ്ഭവനിലെത്തുന്നതിനുള്ള അസൗകര്യം കാരണമാണ് ഗവർണർ വീട്ടിലെത്തി പുരസ്‌കാരം സമർപ്പിച്ചത്. സ്‌നേഹധനയായ ഒരു അമ്മയുടെ സ്ഥാനത്തു നിന്നുകൊണ്ട് സമൂഹത്തെ നോക്കിക്കാണുകയും ശിഥിലീകരണപ്രവണതകളെ ചെറുത്ത് സാംസ്‌കാരിക സമുന്നതിക്ക് ഊർജം പകരുകയും ചെയ്ത ഒറ്റയാൾ പട്ടാളമായിരുന്നു ലീലാവതി ടീച്ചർ എന്ന് ഗവർണർ പറഞ്ഞു. ടീച്ചർ ഇത് സ്വീകരിക്കുന്നതിലൂടെ ഈ പുരസ്‌കാരം ധന്യമാവുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ വികാരഭരിതമായാണ് ലീലാവതി ടീച്ചർ പ്രതികരിച്ചത്. കുചേലനെ കാണാൻ കൃഷ്ണൻ എത്തിയ പോലെയാണ് പുരസ്‌കാരവുമായി ഗവർണർ തന്നെത്തേടിയെത്തിയത്. ഈ പ്രായത്തിൽ തനിക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ ബഹുമതിയാണിത്. സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ - അവർ പറഞ്ഞു