കലൂർ: ഓണത്തോടനു ബന്ധിച്ച് മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് പറയുന്ന സ്ഥലങ്ങളിൽ മദ്യം എത്തിച്ച് നൽകിവന്നിരുന്ന രണ്ട് പേർ പിടിയിൽ. കലൂർ ദേശാഭിമാനി പോണോത്ത് റോഡിൽ വെളുത്തമനയിൽ ബിനു കരംചന്ദ് (43) പള്ളിപ്പുറം ചെറായി ദേശത്ത് വടക്കേവീട്ടിൽ ഷൺമുഖൻ (51) എന്നിവരെയാണ് എറണാകുളം റേഞ്ച് എക്‌സൈസ് കസ്റ്റഡിയിൽ എടുത്തത്.

ഇവരുടെ പക്കൽ നിന്ന് അര ലിറ്റിന്റെ 130 (65 ലിറ്റർ) കുപ്പി മദ്യം പിടിചെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പാർട്ടികളിൽ 'ഓണം സ്‌പെഷ്യൽ ഡോർ ഡെലിവറി ' എന്ന പേരിൽ ഓഡർ അനുസരിച്ച് മദ്യം എത്തിച്ച് നൽകിവരുകയായിരുന്നു.

വിനു കരംചന്ദിന്റെ പോണോത്ത് റോഡിലെ വീട്ടിൽ വൻ തോതിൽ മദ്യം സൂക്ഷിച്ച് വച്ച ശേഷം ഓഡർ ലഭിക്കുന്ന മുറയ്ക്ക് ഷൺമുഖൻ ടൂവിലറിൽ കൊണ്ട് പോയി കൂടിയ വിലക്ക് മദ്യം ഡോർ ഡെലിവറി നടത്തുന്നതായിരുന്നു വിൽപനയുടെ രീതി. കലൂരിൽ നിന്ന് 12 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് മാത്രമേ ഇവർ മദ്യം ഡോർ ഡെലിവറി നടത്താറുള്ളൂ എന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞു. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സിറ്റി മെട്രോ ഷാഡോ സംഘം നഗരത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.

മദ്യം ഡോർ ഡെലിവറി നടത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വിവിധ ഇടങ്ങളിൽ നിന്നായി അരലിറ്ററിന്റെ മദ്യക്കുപ്പികൾ വൻ തോതിൽ വാങ്ങി കൊണ്ട് വരവെ വിനുവിനെ പോണോത്ത് റോഡിലെ ഇയാളുടെ അപ്പാർട്ട് മെന്റിന് സമീപം വച്ച് ഷാഡോ സംഘം കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിന്റെ വെളിച്ചത്തിൽ ഓർഡർ പ്രകാരം മദ്യം എത്തിച്ച് കൊടുക്കാൻ പോയിരിക്കുകയായിരുന്ന ഡോർ ഡെലിവറി ബോയ് ഷൺമുഖനെയും എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.

ഇൻസ്‌പെക്ടർ എം എസ് ഹനീഫ, പ്രിവന്റീവ് ഓഫീസർ ഋഷികേശൻ ജ ഡ, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റിവ് ഓഫീസർ എൻ.ജി, അജിത്ത് കുമാർ , സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, സിറ്റി റേഞ്ചിലെ ദിനോബ്. എസ്, പ്രമിത സി.ജി, എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.