തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടനം. കുവൈറ്റിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ നടത്താനിരുന്ന കലാപരിപാടികൾ മാറ്റി വച്ചിരുന്നു. ഇന്ന് രാവിലെ നടത്താനിരുന്ന ചടങ്ങ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച പശ്ചാത്തലത്തിൽ ഉച്ചയിലേക്ക് മാറ്റുകയായിരുന്നു.

കുവൈറ്റിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായാണ് മുഖ്യമന്ത്രി രാവിലെ കൊച്ചിയിലെത്തുന്നത്. ഇതിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. കുവൈറ്റ് അപകടപശ്ചാത്തലത്തിൽ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും പ്രതിനിധികൾ എത്തിയതിനാൽ സമ്മേളനം നടത്താൻ തീരുമാനിക്കുകയായിരുന്നു. നാളെ വൈക്കിട്ട് സമാപനം.

കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരളസഭ പരിപാടി മാറ്റിവെക്കണമെന്ന് കേരള സർക്കാരിനോട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മരിച്ചവരിലേറെയും മലയാളികളാണ്. മരിച്ചവരോടുള്ള ആദരസൂചകമായി ലോക കേരളസഭ മാറ്റിവെക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.