- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്വ.പി.ജി.മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടിസ്
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ പോയ മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി.മനുവിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പുത്തൻകുരിശ് ഡിവൈഎസ്‌പിയാണു നോട്ടിസ് ഇറക്കിയത്. കേസിൽ കീഴടങ്ങാൻ ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരിക്കുന്നത്.
കീഴടങ്ങാൻ പത്തുദിവസത്തെ സമയമായിരുന്നു ഹൈക്കോടതി അനുവദിച്ചത്. പത്തു ദിവസത്തിനുള്ളിൽ കീഴടങ്ങിയാൽ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ വൈകാതെ പരിഗണിക്കണമെന്നുമായിരുന്നു ജസ്റ്റിസ് പി.ഗോപിനാഥ് ഉത്തരവിട്ടത്. റൂറൽ എസ്‌പിക്കു ലഭിച്ച പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകൾ ശേഖരിച്ച ശേഷമാണു മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നു മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു.
ഓഫിസിലേക്ക് വിളിച്ചുവരുത്തി മനു പീഡിപ്പിച്ചെന്നും സ്വകാര്യചിത്രങ്ങൾ ഫോണിൽ പകർത്തിയെന്നുമാണ് എറണാകുളം സ്വദേശിയായ യുവതിയുടെ പരാതി. ബലാത്സംഗക്കേസിൽ നിയമസഹായം തേടിയെത്തിയതായിരുന്നു യുവതി. 2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണു പരാതിക്കാരിയും മാതാപിതാക്കളും കഴിഞ്ഞ ഒക്ടോബറിൽ അഭിഭാഷകനെ കാണാനെത്തിയത്.
പിന്നീടു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെൺകുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തത്.



