തൊടുപുഴ: കാഞ്ഞാർ കൂവക്കണ്ടത്ത് ലോറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന ഡ്രൈവർക്ക് കുത്തേറ്റു. തൊടുപുഴ ബംഗ്ലാംകുന്ന് കോഴവഴിക്കൽ ബാബു(55)വിനാണ് കുത്തേറ്റത്. പിൻകഴുത്തിൽ തുളച്ചുകയറിയ കത്തിയുമായി ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

കഴുത്തിൽ നിന്നും കത്തി ഊരിയെടുത്താൽ ശരീരം ചലനം നഷ്ടപ്പെട്ട അവസ്ഥയിലാവാൻ സാധ്യതയുണ്ടെന്നും ഒരു പക്ഷെ മരണം വരെ സംഭവിക്കുന്നതിന് സാധ്യതയുണ്ടെന്നുമാണ് തൊടുപുഴയിൽ ചികത്സ നൽകിയ ആശുപത്രിയിലെ മെഡിക്കൽ സംഘം കൂടെയുണ്ടായിരുന്നവരെ അറയിച്ചിട്ടുള്ളത്.

ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ആക്രമണം നടന്നതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം. ഈ സമയം ബാബു താൻ ഓടിച്ചിരുന്ന ലോറിയിൽക്കിടന്ന് ഉറങ്ങുകയായിരുന്നു. നാട്ടുകാരനായ മോടംപ്ലാക്കൽ കുഞ്ഞാണ് ബാബുവിനെ കുത്തിയതെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം. ഇവർ തമ്മിൽ വൈരാഗ്യത്തിന് കാരണം എന്താണെന്ന കാര്യം സംബന്ധിച്ച് ഇനിയും വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.