- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ച് റൂട്ടുണ്ടാക്കി; കണ്ടെയ്നറുകൾ കോൺഗ്രസിനേയും കൊണ്ടേ പോകു എന്നാണ് തോന്നുന്നത്; എം സ്വരാജ്
തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ 'കണ്ടെയ്നർ ജാഥ' ആർക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു. സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജിൽ സംപ്രേഷണം ചെയ്യുന്ന തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്തെ ഒരുമിപ്പിക്കുക, ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പോരാടുക എന്നീ ലക്ഷ്യങ്ങൾക്കായാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നാണ് കോൺഗ്രസ് പറയുന്നത്. പക്ഷെ ജാഥയാകെ കടന്നുപോകുന്നത് 12 സംസ്ഥാനങ്ങളിലൂടെയാണ്. അതിൽ ഏഴും ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്.
രാഹുൽ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബിജെപിക്ക് നിവർന്ന് നിൽക്കാൻ പോയിട്ട് നിരങ്ങിനീങ്ങാൻ പോലും സാധിച്ചിട്ടില്ല. ഈ കണ്ടെയ്നർ ജാഥ ആർക്കെതിരെയാണ്, എന്തിനെതിരെയാണ് എന്ന കാര്യത്തിൽ കോൺഗ്രസും മാധ്യമപ്രവർത്തകരും തമ്മിൽ ഒരു ധാരണയിൽ ഇനിയെങ്കിലും എത്തേണ്ടതുണ്ട്. ഒരു വിഭാഗം മലയാളം മാധ്യമങ്ങളുടെ കണ്ടെയ്നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടെയ്നറുകൾ കോൺഗ്രസിനേയും കൊണ്ടേ പോകു എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തോന്നുന്നത്,'എന്നും എം സ്വരാജ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ