- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ ഭരണഘടനതന്നെ മാറ്റാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്: എം സ്വരാജ്
ആലപ്പുഴ: ഇന്ത്യയുടെ ഭരണഘടനതന്നെ മാറ്റാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. കെ ടി മാത്യു അനുസ്മരണ സമ്മേളനവും എൻഡോവ്മെന്റ് വിതരണവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം കടുത്ത വെല്ലുവിളികൾ നേരിടുകയാണ്.
രാജ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നവയാണത്. ഇന്ത്യയെ നിലനിർത്തുന്ന സുപ്രധാന ഘടകം രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ സ്വഭാവവും വൈവിധ്യവുമാണ്. ഇന്ന് ചോദ്യം ചെയ്യപ്പെടുന്നതും ഇതെല്ലാമാണ്. ഇന്ത്യയുടെ സഹജമായ ഭാവത്തെ മുച്ചൂടും തകർത്ത് മതരാഷ്ട്രമാക്കി മാറ്റാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. കൊടിയ വർഗീയവാദികളായ ഒരുകൂട്ടം സന്യാസിമാരെ പുതിയ ഭരണഘടനയുണ്ടാക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യ ഒരുമതരാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുമ്പോൾ പ്രാബല്യത്തിൽ വരുത്താനുദ്ദേശിക്കുന്ന ഭരണഘടനയുടെ കരട് തയ്യാറായി എന്നാണ് കേൾക്കുന്നത്. ഈ ഭരണഘടന മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തിയാണ്. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുവും സംഘപരിവാറിന്റെ മതസങ്കൽപ്പത്തിന്റെയും മനുസ്മൃതിയുടെ പരിഗണനയുടെയും പുറത്താണ്. മനുസ്മൃതി വിഭാവനംചെയ്യുന്നത് ചാതുർവർണ്യത്തെയാണ്.
രാജ്യത്തെ വീണ്ടും ഇരുളടഞ്ഞ ഇന്നലെകളിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുമെല്ലാം രാജ്യത്ത് ജീവിക്കാനാകാതെ പലായനം ചെയ്യേണ്ടി വരുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ഇതിനെതിരെ ശക്തമായി നിലകൊള്ളുന്ന കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് സംഘപരിവാർ നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ. സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തെ പുറത്തു നിർത്തിയതിന് കേരളത്തോടുള്ള പകയാണിതെന്നും എം സ്വരാജ് പറഞ്ഞു.