- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃദുഹിന്ദുത്വനിലപാട് സ്വീകരിച്ചുകൊണ്ട് തീവ്രഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാൻ സാധിക്കില്ല; കോൺഗ്രസ് അപകടം തിരിച്ചറിയുന്നില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മൃദുഹിന്ദുത്വനിലപാട് സ്വീകരിച്ചുകൊണ്ട് തീവ്രഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാൻ സാധിക്കില്ലെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി. ഉയർത്തുന്ന വർഗീയധ്രുവീകരണ മുദ്രാവാക്യത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കോൺഗ്രസ് ശരിയായ നിലപാട് സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പല കാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില ആളുകൾ വിശ്വാസത്തിന്റെ കുത്തകാവകാശികളെന്ന് അവകാശപ്പെടുകയാണ്. വർഗീയ വാദികൾ വിശ്വാസം ഉപകരണമായി ഉപയോഗിക്കുകയാണ്. വിശ്വാസികൾക്ക് വർഗീയവാദി ആകാനും പറ്റില്ല. അതുകൊണ്ട് വിശ്വാസത്തിന്റെ പേര് പറഞ്ഞു നടക്കുന്ന വർഗീയവാദികൾ യഥാർഥത്തിൽ വിശ്വാസികളല്ല. വിശ്വാസത്തെ ഉപകരണമായി ഉപയോഗിച്ച് രാഷ്ട്രീയാധികാരം നിലനിർത്താൻ വേണ്ടിയുള്ള ബോധപൂർവ്വമായ പ്രവർത്തനമാണ് നടത്തുന്നത്.
വ്യക്തമായ നിലപാടും രാജ്യത്തെ രക്ഷിക്കുന്നതിനുള്ള മുദ്രാവാക്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ ഏതൊരുപാർട്ടിക്കും ശക്തിപ്പെട്ട് മുന്നോട്ടുപോകാൻ സാധിക്കൂ. ഈ അടിസ്ഥാനപരമായ ധാരണകളിൽനിന്ന് പിന്നോട്ടുപോകുന്ന കോൺഗ്രസ് സമീപനം ആപത്കരമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. എം.വി ഗോവിന്ദൻ പറഞ്ഞു.
വിദേശനയത്തിന്റെ കാര്യത്തിലും ഇന്ത്യ ഇപ്പോൾ തുടർന്നുവരുന്ന നിലപാടുകൾക്ക് സമാനമാണ് കോൺഗ്രസിന്റെ നിലപാടും. മതനിരപേക്ഷതയെപ്പോലെത്തന്നെ പ്രാധാന്യമുള്ളതാണ് വിദേശനയത്തിന്റെ കാര്യത്തിലുള്ള ഇന്ത്യയുടെ പാരമ്പര്യം കാത്തുനൂക്ഷിക്കുക എന്നത്. പലകാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് മാത്രമല്ല ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന അപകടം എന്താണെന്ന് കോൺഗ്രസ് തിരിച്ചറിയുന്നില്ല, എം വി ഗോവിന്ദൻ പറഞ്ഞു.


