കണ്ണൂർ: പൊന്നാനിയിൽ കെ. എസ് ഹംസയുടെ സ്ഥാനാർത്ഥിത്വം സമസ്തയുടെ സമ്മർദ്ദത്തിൽ അല്ലെന്നു വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി. തളിപറമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയോയെന്നതിന് എല്ലാവർക്കും പാർട്ടിയുമായി സംസാരിക്കാം, ഇടനിലക്കാർ ആവശ്യമില്ലെന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.

എന്നാൽ പൊന്നാനിയിൽ മത്സരിക്കുന്നത് കെ. എസ് ഹംസയാണോയെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. പൊന്നാനിയിൽ മത്സരിക്കുന്നത് പാർട്ടി സ്ഥാനാർത്ഥിയായിരിക്കുമെന്നും സി.പി. എം സ്ഥാനാർത്ഥികളെ 27- ന് പ്രഖ്യാപിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിക്ക് ആരുടെയും സമ്മർദ്ദത്തിന് മുൻപിൽ വഴങ്ങേണ്ട കാര്യമില്ല. എല്ലാവർക്കും പാർട്ടിയെ സമീപിക്കാം. തങ്ങൾക്ക് സഹകരിക്കാൻ പറ്റാത്ത ആരുമില്ല. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങി സ്ഥാനാർത്ഥി നിർണയം നടത്തുന്ന പാർട്ടിയല്ല സി.പി. എം.

എന്നാൽ പാർട്ടിക്ക് ആശ്രയിക്കാനും പാർട്ടിയെ ആശ്രയിക്കാനും കഴിയാത്ത ഒരു ജനവിഭാഗവും കേരളത്തിൽ ഇല്ലെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥി നിർണയത്തിൽി സ്ത്രീകൾക്കും യുവജനങ്ങൾക്കും ഇക്കുറി പ്രാതിനിധ്യം നൽകിയിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിന് എൽ.ഡി.എഫ് സുസജ്ജമായി കഴിഞ്ഞു.

കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും എൽ.ഡി. എഫ് വിജയിക്കുകയാണ് ലക്ഷ്യം. ബിജെപി കേരളത്തിലെ ഒരുമണ്ഡലത്തിലും ജയിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കുഞ്ഞനന്തനെ വിഷം നൽകി കൊന്നതാണെന്ന കെ. എം ഷാജിയുടെ ആരോപണത്തോട് പാർട്ടി സംസ്ഥാന സെക്രട്ടറി പ്രതികരിച്ചില്ല. കെ. എം ഷാജി മറുപടി അർഹിക്കുന്നില്ല. എന്തും വിളിച്ചു പറയുന്ന ഒരാൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.