തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിക്ക് അയച്ച ഗവർണർ തന്നെ പഴയ നിയമത്തിന്റെ അടിസ്ഥാനത്തിൽ അധികാരം പ്രയോഗിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രപതിയെ അപഹസിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'സർവകലാശാലകളുടെ ചാൻസലർമാരായി ഉന്നത വിദ്യാഭ്യാസ വിചക്ഷണരെ നിയമിക്കാനുള്ള ബിൽ കേരള നിയമസഭ പാസാക്കി അനുമതിക്കായി ഇന്ത്യൻ പ്രസിഡന്റിന് നൽകിയിരിക്കുകയാണ്. സുപ്രീം കോടതിയുടെ ഇടപെടൽ വന്നപ്പോൾ ഗവർണർ തന്നെയാണ് ഈ ബിൽ ഇന്ത്യൻ പ്രസിഡന്റിന്റെ മുന്നിലെത്തിച്ചത്.

സർവകലാശാല ഭേദഗതി നിയമം ഇന്ത്യൻ പ്രസിഡന്റിന്റെ പരിഗണനയിൽ ഇരിക്കേ കേരള ഗവർണർ മുൻപ് നിയമസഭ നൽകിയ അധികാരം വിനിയോഗിക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സർവകലാശാല വൈസ് ചാൻസിലറെ നിയമിക്കുന്നതിന് സെർച്ച് കമ്മറ്റി രൂപീകരിക്കുന്നതിനായി സർവകലാശാലയുടെപ്രതിനിധികളെ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. യഥാർത്ഥ്വത്തിൽ ഈ നടപടി പരിഹാസവും അധികാര ദുർവിനിയോഗവുമാണ്.

കാരണം നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിക്ക് അയച്ച ഗവർണർ തന്നെ, പഴയ നിയമത്തിന്റെ അടിസ്ഥാനത്തിൽ അധികാരം പ്രയോഗിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനയെ വെല്ലുവിളിക്കുന്നതുമായ രാഷ്ട്രീയ സമീപനമാണ്. ഗവർണറുടെ ഇത്തരം ഇടപെടലുകൾ രാഷ്ട്രപതിയെ അപഹസിക്കുന്നതിനു തുല്യമായ സമീപനമാണ്'- എം വി ഗോവിന്ദൻ പറഞ്ഞു.