കണ്ണൂർ: കണ്ണൂരിൽ സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിനെ തുടർന്ന് സ്ഥാനാർത്ഥിയായ കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. സിറ്റിങ് എംപിയും യു.ഡി. എഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കെ.സുധാകരനെതിരെ കടുത്ത വിമർശനങ്ങളുമായാണ് എം വി ജയരാജൻ പ്രചാരണമാരംഭിച്ചത്.

കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഹൈമാസ്റ്റ് ലൈറ്റ് മാത്രം നൽകിയ എംപിയാണ് കെ.സുധാകരനെന്ന് എൽ. ഡി. എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ ആരോപിച്ചു. കണ്ണൂർ തെക്കിബസാറിൽ എൽ. ഡി. എഫ് നിയോജകമണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന് മുൻപ് എംപിയായിരുന്ന പി.കെ ശ്രീമതി ടീച്ചർ എംപി ഫണ്ടു നൂറുശതമാനം മണ്ഡലത്തിൽ ചെലവഴിച്ചപ്പോൾ വെറും 28ശതമാനം മാത്രം ഫണ്ടാണ് സുധാകരൻ ചെലവഴിച്ചത്.

പാർലമെന്റിൽ പി.കെ ശ്രീമതിക്ക് എൺപതു ശതമാനം ഹാജരുണ്ടായപ്പോൾ കെ.സുധാകരന് അതു അൻപതിൽ താഴെയാണെന്നു രേഖകൾ വ്യക്തമാക്കുന്നു. ഈക്കാര്യങ്ങൾ സുധാകരൻ തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും എം.വി ജയരാജൻ പറഞ്ഞു. 2019-ലുള്ള രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ല.അതിനു ശേഷം നടന്ന തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കണ്ണൂർ ജില്ലയിൽ എൽ.ഡി. എഫ് മുന്നേറ്റമുണ്ടാക്കി. തദ്ദേശവാർഡുകളിൽ യു.ഡി. എഫിന്റെ സീറ്റുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞു. അഴീക്കോട് നിയോജകമണ്ഡലം എൽ. ഡി. എഫ് പിടിച്ചെടുക്കുകയും കണ്ണൂർ സീറ്റ് നിലനിർത്തുകയും ചെയ്തിട്ടുണ്ട്.

എപ്പോൾ വേണമെങ്കിലും താൻ ബിജെപിയിലേക്ക് പോകാമെന്നു പറഞ്ഞയാളാണ് കെ.സുധാകരൻ. ഓരോദിവസവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കൾ പോയ്ക്കൊണ്ടിരിക്കുകയാണ്.
ഈയൊരു സാഹചര്യത്തിൽ രാജ്യത്ത് ബിജെപിയെന്ന വിപത്തിനെ നേരിടാൻ എൽ.ഡി. എഫിന് മാത്രമേ കഴിയുകയുള്ളൂവെന്ന് തെളിഞ്ഞിരിക്കുകയാണെന്നും എം.വി ജയരാജൻ പറഞ്ഞു.

കണ്ണൂർ കാൽടെക്സിലെ എ.കെ.ജി പ്രതിമയ്ക്കു പുഷ്പഹാരമർപ്പിച്ചു കൊണ്ടായിരുന്നു എം.വി ജയരാജന്റെ പ്രചരണപരിപാടികളുടെ തുടക്കം. എൽ. ഡി. എഫ് പ്രവർത്തകർ സ്ഥാനാർത്ഥിയെയും ആനയിച്ചു കണ്ണൂർ നഗരത്തിൽ കൂറ്റൻ പ്രകടനം നടത്തി.തുടർന്ന് തെക്കിബസാറിൽ നടന്ന സമാപന സമ്മേളനത്തിൽ എം.വി ജയരാജൻ മറുപടി പ്രസംഗം നടത്തി.

എൽ.ഡി. എഫ് നേതാക്കളായ എം. പ്രകാശൻ, എം. പി മുരളി, എം.സുരേശൻ തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണൂർ ജില്ലയിൽ ഉൾപ്പെടുന്ന വടകരയിൽ കെ.കെ ശൈലജ ടീച്ചറും ഇടതുമുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് പ്രചാരണമാരംഭിച്ചിട്ടുണ്ട്. നിലവിലുള്ള ജില്ലാസെക്രട്ടറിയായ എം.വി ജയരാജൻ സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിവു വന്ന ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് ഇതുവരെആരെയും നിയോഗിച്ചിട്ടില്ല. കൂട്ടായ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചരണം മുൻപോട്ടുകൊണ്ടു പോകാനും താൽക്കാലിക ചുമതല ജില്ലാസെക്രട്ടറിയേറ്റിലെ മുഴുവൻ അംഗങ്ങളും ചേർന്നു നിർവഹിക്കാനുമാണ് തീരുമാനം.