കൊച്ചി: അവയവക്കച്ചവട കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്. പിടിയിലായ സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. അവയവക്കടത്തിൽ കൂടുതൽ ഇരകളെ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. അവയവക്കടത്തിനായി മനുഷ്യക്കടത്തും നടത്തിയിരുന്നതായി സബിത്ത് അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നു.

കൊച്ചി സ്വദേശിയായ മധു കേസിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സംഘമാണ് അവയവക്കടത്തിനു പിന്നിലെന്നാണ് സാബിത്തിൽനിന്ന് ലഭിച്ച വിവരം. അവയവക്കടത്ത് കേസിൽ കൊച്ചി പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം കൂടി പിടിയിലായിട്ടുണ്ട്. സജിത്തിനേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി മൊഴി എടുക്കും.

സംഘത്തിലെ കണ്ണികളും ഇരകളും തമിഴ്‌നാട്ടിൽ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്. ഇരകളെ കണ്ടെത്തി മൊഴിയെടുക്കും. ബംഗളൂരുവിലും ഹൈദരാബാദിലും ആവശ്യമെങ്കിൽ പരിശോധന നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. സബിത്തിന്റെ അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

വൃക്ക നൽകിയവരും സ്വീകരിച്ചവരും ഏറെയും ഇതരസംസ്ഥാനക്കാരാണെന്ന് സബിത്ത് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നവരെ ലക്ഷ്യമിട്ടാണ് അവയവക്കടത്ത് സംഘം പ്രവർത്തിച്ചിരുന്നത്. സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നത് സജിത്താണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.