ഇടുക്കി: വണ്ടിപ്പെരിയാർ പോക്‌സോ പ്രതി പുറത്തിറങ്ങിയതിൽ പ്രതിഷേധം. ഡി.ജി.പിയുടെ വീട്ടിൽ ചാടിക്കടന്ന് മഹിളാ മോർച്ച പ്രവർത്തകർ. ഡി.ജി.പിയുടെ വീടിനുമുന്നിൽ വലിയ പ്രതിഷേധമാണ് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടന്നത്. അഞ്ചു പ്രവർത്തകരാണ് മതിൽ ചാടിക്കടന്ന് ഡി.ജി.പിയുടെ വീടിന് മുന്നിൽ എത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഏറെനേരം പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളു നടന്നു.

അതേസമയം, ആറുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ അടുത്തയാഴ്ച അപ്പീൽ നൽകും. നിലവിലെ വിധി റദ്ദ് ചെയ്യണമെന്ന ആവശ്യവും ഉന്നയിക്കും. അതിനിടെ, കോടതി വിധിയിൽ കുട്ടിയുടെ കുടുംബം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷന് മുന്നിലാണു കുട്ടിയുടെ കുടുംബം പ്രതിഷേധം നടത്തുന്നത്. പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

കേസ് സംബന്ധിച്ച ഫയലുകൾ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറും. ഡി.ജി.പിയുടെ ഓഫീസിലെ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാകും അപ്പീൽ തയ്യാറാക്കുക. വണ്ടിപ്പെരിയാർ കേസിൽ കട്ടപ്പന അതിവേഗ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അർജുനിനെ വെറുതെവിട്ടത്.