മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ കീഴിലുള്ള ചട്ടിപറമ്പ് ക്ലിനിക്കിലെ സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും പ്രതിയെ അറസ്റ്റു ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ വൈകുന്നതായി ആശുപത്രി അധികൃതർ രംഗത്ത്.

ജീവനക്കാരനെ അതി ക്രൂരമായി അക്രമിക്കുന്ന സി.സി.ടി.വി ദൃശ്യമടക്കം പൊലീസിനു കൈമാറിയതാണ്. എന്നിട്ടും നിസാര വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്. പ്രതിയുടെ വിലാസമടക്കം പൊലീസിന് വ്യക്തമാണ്. എന്നാൽ ഇതു വരെ അറസ്റ്റ് നടപടിയുമുണ്ടായിട്ടില്ല. പളമള്ളൂർ സ്വദേശി നിസാർ എന്നു പറയുന്ന ആളുടെ നേതൃത്വത്തിലാണ് ആശുപത്രയിൽ അക്രമം നടന്നതെന്നു ആശുപത്രി സെക്രട്ടറി സഹീർ കാലടി പറഞ്ഞു. സംഭവത്തിനു ശേഷം മൊഴിയെടുക്കാൻ ജീവനക്കാരനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുയാണുണ്ടായത്. എഫ്.ഐ.ആറിന്റെ കോപ്പിടക്കം നൽകാൻ പൊലീസ് വിസമ്മതം കാണിച്ചതും ദുരൂഹത വർദ്ദിപ്പിക്കുന്നതായും ആശുപത്രി അധികൃതർ പറയുന്നു.

തിങ്കളാഴ്ച രാത്രി 11.30നാണ് അക്രമ സംഭവങ്ങൾ അരങ്ങേരിയത്. ചികിത്സക്കായെത്തിയ പഴമള്ളൂർ സ്വദേശി സി. നിസാർ എന്ന വ്യക്തിയും കൂടെയുള്ള മറ്റൊരാളും ചേർന്ന് ആശുപത്രിയിലെ വനിതാ ജീവനക്കാരോട് അപമരാദ്യയായി പെരുമാറുകയും തുടർന്ന് അവരുടെ ഫോട്ടോ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇതു ശ്രദ്ധയിൽ പെട്ട സെക്യൂരിറ്റി ജീവനക്കാരനായ എം.എ ശ്രീകുമാർ ഇവരെ സമീപിച്ച് എടുത്ത ഫോട്ടോ ഡിലിറ്റ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിൽ കലിപൂണ്ട ഇരുവരും സെക്യൂരിറ്റി ജീവനക്കാരനെ അതിക്രൂരമായി മർദ്ദിച്ചവശനാക്കുകയായിരുന്നുവെന്നാണു ആശുപത്രിക്കുവേണ്ടി സെക്രട്ടറി പൊലീസ് സ്്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.

അക്രമത്തിൽ ശരീരത്തിൽ മുറിവേൽക്കുകയും കഴുത്തിലും മറ്റും പരിക്കേൽക്കുകയും ചെയ്തു. ജീവനക്കാരനു നേരെ വധശ്രമം ഉൾപ്പെടെ നടക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. പ്രതികൾക്കു നേരെ നടപടിയില്ലെങ്കിൽ എസ്‌പി ഉൾപ്പെടെയുള്ള വർക്ക് പരാതി നൽകുമെന്നും ആശുപത്രി സെക്രട്ടറി സഹീർ കാലടി പറഞ്ഞു.