പന്തളം: സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽപ്പോയ പ്രതിയെ 20 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കുരമ്പാല പൂഴിക്കാട് ചാങ്ങമംഗലത്ത് വീട്ടിൽ രമണക്കുറുപ്പ് (62) ആണ് ഓമല്ലൂരിലെ വാടക വീട്ടിൽ നിന്നും പിടിയിലായത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷിക്കപ്പെട്ടത്. 1993 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്ന ശേഷം രമണക്കുറുപ്പ് മുങ്ങിയത്. 1994 ൽ വാറണ്ടായി.

വിവിധ പ്രദേശങ്ങളിലായിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഏറെ നാളായി ഓമല്ലൂരിൽ വിവിധ കച്ചവടങ്ങൾ നടത്തുകയായിരുന്നു. തട്ടുകടയും പച്ചക്കറി കടയും നടത്തി വന്നിരുന്നു. ഇതിനിടെ രണ്ടാമതും വിവാഹം കഴിച്ചു. ഒരു മകളുമുണ്ട്. ഇയാൾക്കെതിരെ കൺവിക്റ്റഡ് വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു.

ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദേശ പ്രകാരം അന്വേഷണം വ്യാപകമാക്കിയതിനെത്തുടർന്നാണ് അറസ്റ്റ്. പന്തളം പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്‌ഐ ജെ.നുജുമുദീൻ, സി പി ഓ അൻവർഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.