പോത്താനിക്കാട്: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. ആസിഡ് വീണ് യുവതിയുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റു. പ്രതി ചാത്തമറ്റം പാറേപ്പടി കാക്കുന്നേല്‍ റെജി (47) യെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

ഒന്‍പതിന് രാത്രിയിലാണ് സംഭവം. വീട്ടിലെ ഹാളില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് പ്രതി കൈയില്‍ കരുതിയിരുന്ന ആസിഡ് ജനലിലൂടെ ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിക്കു പൊള്ളലേറ്റിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും റെജി വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി യുവതിയെ ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസില്‍ പരാതി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരില്‍ പോത്താനിക്കാട് പോലീസ് സ്റ്റേഷനില്‍ വേറെയും കേസുകളുണ്ട്.