മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വയോധികന് നേരെ ക്രൂരമർദനം. 65-കാരനായ ഉണ്ണിമുഹമ്മദ് ആണ് മർദനത്തിന് ഇരയായത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ബന്ധു യൂസഫ് ആണ് മർദിച്ചത് എന്നാണ് പരാതി.

വഴിവെട്ടാനായി യൂസഫ് ജെ.സി.ബിയുമായി എത്തിയപ്പോൾ സ്ഥലമുടമയായ ഉണ്ണി മുഹമ്മദ് തടയുകയായിരുന്നു. കേസിൽപെട്ടസ്ഥലമാണെന്നും ഇപ്പോൾ വഴിവെട്ടാൻ സാധ്യമല്ലെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു. തുടർന്ന് ഉണ്ണി മുഹമ്മദിന്റെ ബന്ധുവായ യൂസഫും മകനും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.

മുഖത്ത് മുളകുപൊടി വിതറി ആയിരുന്നു ക്രൂരമർദമനമെന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. തടയാൻ ശ്രമിച്ച ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സംഭവത്തിൽ മഞ്ചേരി പൊലീസിന് പരാതി നൽകിയിട്ടുണ്ട്.