തിരുവനന്തപുരം: സിപിഎം. മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പിന്തുണയുമായി കോൺഗ്രസ്. ടി.പി. ചന്ദ്രശേഖരനെ വധിച്ചതുപോലെ തീർത്തുകളയാമെന്നാണ് സിപിഎം. കരുതുന്നതെങ്കിൽ മനു തോമസിന് കോൺഗ്രസ് സംരക്ഷണം നൽകുമെന്ന് കെപിസിസി. അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. മനു തോമസിനെതിരെ ആകാശ് തില്ലങ്കേരി ഫേസ്‌ബുക്കിൽ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പരസ്യപിന്തുണ.

'മുഖ്യമന്ത്രിയും സിപിഎമ്മും നൽകുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിൻബലം. ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി.പി. ചന്ദ്രശേഖരൻ മാതൃകയിൽ തീർത്തുകളയാം എന്നാണ് സിപിഎം. കരുതുന്നതെങ്കിൽ അവർക്ക് കോൺഗ്രസ് സംരക്ഷണം നൽകും.' -കെ. സുധാകരൻ പറഞ്ഞു. പാർട്ടി വിട്ടാൽ എന്തും വിളിച്ച് പറയാനാകില്ലെന്ന് ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധികം സമയം വേണ്ടെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ഭീഷണി. ഒപ്പമുള്ള ബിസിനസ്സുകാർക്കും മാധ്യമങ്ങൾക്കും ഒന്നും ചെയ്യാനാകില്ലെന്നും ആകാശ് ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു.