തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി അടിമാലിയിലെ മറിയക്കുട്ടി. ക്ഷേമപെൻഷൻ 2000 രൂപയെങ്കിലുമാക്കണമെന്നാണ് മറിയക്കുട്ടി ആവശ്യപ്പെടുന്നത്. ഇത്തവണത്തെ ബജറ്റിലും സർക്കാർ അതിന് വേണ്ടി ശ്രമിച്ചില്ലെന്നും ക്ഷേമപെൻഷൻ കൂട്ടാത്തത് ഇതിന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി വിമർശിച്ചു.

സംസ്ഥാനത്ത് നിലവിൽ നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ ഉയർത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തിൽ കൊടുത്ത് തീർക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വർഷം മുതൽ കൊടുത്തു തീർക്കും. അതേസമയം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് മന്ത്രി പറഞ്ഞു. ആറ് ഗഡുവാണ് നിലവിൽ കുടിശിക.

പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുമെന്നും സംസ്ഥാന ബജറ്റിൽ പ്രഖ്യാപനമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മാതൃക നോക്കി പകരം സംവിധാനം കൊണ്ടുവരും. ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത കുടിശ്ശിക ഏപ്രിലിൽ നൽകും. ക്ഷേമപെൻഷൻ ഇത്തവണയും കൂട്ടിയില്ല. 2013 ൽ യുഡിഎഫ് സർക്കാറാണ് സ്റ്റാറ്റിയൂട്ടറി പെൻഷന് പകരം പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്.