- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടഭൂമി തരംമാറ്റി എന്നതടക്കം തുടക്കം മുതൽ വിവാദങ്ങൾ; പ്രതിസന്ധികൾ തരണം ചെയ്ത് മർകസ് നോളജ് സിറ്റി യാഥാർത്ഥ്യമായി; ഒരുങ്ങിയത് 120 ഏക്കറിൽ വമ്പൻ നഗരപദ്ധതി; സമർപ്പണ പരിപാടികൾ മാർച്ച് നാലിന്
കോഴിക്കോട്: 2012 ൽ കോഴിക്കോട് കൈതപ്പൊയിലിൽ നിർമ്മാണം ആരംഭിച്ചതുമുതൽ വിവാദങ്ങളും മർകസ് നോളജ് സിറ്റിക്കൊപ്പമുണ്ടായിരുന്നു. സിറ്റി നിർമ്മാണം തുടങ്ങിയത് തോട്ടഭൂമിയിലാണെന്നും നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ആരോപണങ്ങൾ ഉയർന്നു. എന്നാൽ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ നിർമ്മാണം തുടങ്ങിയ നോളജ് സിറ്റി പൂർത്തീകരണത്തിലെത്തി.
മർകസ് നോളജ് സിറ്റി നഗരപദ്ധതിയുടെ ഔപചാരികമായ സമർപ്പണം വിവിധ പരിപാടികളോടെ മാർച്ച് മാസം മുതൽ ആരംഭിക്കും. സിവിലിസ് എന്ന പേരിൽ ഇരുപതിന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മർകസു സഖാഫത്തി സുന്നിയ ഡയരക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, മർകസ് നോളജ് സിറ്റി മാനേജിങ് ഡയരക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മർകസു സഖാഫത്തി സുന്നിയയുടെ നേതൃത്വത്തിലുള്ള നോളജ് സിറ്റി 120 ഏക്കറിൽ കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്. അറിവിന് പ്രാധാന്യം നൽകിയാണ് സിറ്റി നിർമ്മിച്ചിരിക്കുന്നത്. നിലവിൽ മെഡിക്കൽ കോളെജ്, ലോ കോളെജ്, ഗ്ലോബൽ സ്കൂൾ, ടെക്നോളജി സെന്റർ, മാനേജ്മെന്റ് സ്കൂൾ, ഫിനിഷിങ് സ്കൂൾ, ലൈബ്രറി, റിസർച്ച് സെന്റർ, ക്വീൻസ് ലാൻഡ് അടക്കം നിരവധി വിദ്യാഭ്യാസ സംരംഭങ്ങൾ നോളജ് സിറ്റിയിലുണ്ട്. കൂടാതെ ഹോട്ടൽ, വെൽനെസ്സ് സെന്റർ, ആശുപത്രി, പാർപ്പിട സമുച്ചയം, ജാമിഉൾ ഫുതുഹ് മസ്ജിദ് എന്നിവയും പ്രവർത്തിച്ചുവരുന്നു.
കൾച്ചറൽ സെന്ററിന് താഴെ പണി പൂർത്തീകരിച്ചുവരുന്ന നൂറ്റി അമ്പതോളം കടകൾ അടങ്ങിയ സൂഖ് പ്രവർത്തന സജ്ജമാകുന്നതോടെ വാണിജ്യ രംഗത്ത് പുതിയ അനുഭവമാകും. മരങ്ങൾ സംരക്ഷിക്കാനായി ഏക്കർ കണക്കിന് ഭൂമി മാറ്റിവെച്ചിട്ടുണ്ട്. അഞ്ച് ജലാശയങ്ങളാണ് നോളജ് സിറ്റിയിലുള്ളത്.
ലോഞ്ചിങ് ഇയർ പരിപാടികളുടെ ആരംഭമായി മാർച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മറ്റു ജനപ്രതിനിധികൾ, സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, വാണിജ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് അന്താരാഷ്ട്ര മതസൗഹാർദ്ദ സമ്മേളനം, മലബാർ സാഹിത്യ സംഗമം, ഇന്ത്യൻ-ആസിയാൻ സാമ്പത്തിക ഫോറം, ദേശീയ ഭിന്നശേഷി സമ്മേളനം, മീഡിയ കോൺക്ലേവ്, വിദ്യാഭ്യാസ സെമിനാർ, അനാഥ-അഗതി സമ്മേളനം, ലീഗൽ കൊളോക്കിയം, ആരോഗ്യ സമ്മേളനം, വിദ്യാർത്ഥി അസംബ്ലി, ചരിത്ര സെമിനാർ, സൂഫി മെഹ്ഫിൽ, ടെക്കി സംഗമം എന്നിവ വിവിധ സമയങ്ങളിലായി നടക്കും.
നോളജ് സിറ്റിയിൽ നിർമ്മാണത്തിലിരിക്കെ കെട്ടിടം തകർന്നു വീണിരുന്നു. ഈ കെട്ടിടം നിലനിന്നത് തോട്ടഭൂമിയിലാണെന്നതിന്റെ രേഖകൾ പുറത്തുവരികയും ചെയ്തു. ഭൂപരിഷ്ക്കരണ നിയമത്തിലെ സെക്ഷൻ 81 പ്രകാരം ഇളവ് അനുവദിച്ച ഭൂമിയെന്ന് രേഖപ്പെടുത്തിയ സ്ഥലം നിർമ്മാണാവശ്യത്തിന് ഉപയോഗിക്കാനാവാത്ത ഭൂമിയാണെന്ന് വ്യക്തമാണെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്. തുടർന്ന് പഞ്ചായത്ത് സ്പോപ് മെമോ നൽകുകയും ചെയ്തിരുന്നു. തോട്ട ഭൂമി തരം മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം ഉയർന്നിരുന്നത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.