കൊല്ലം: കൊല്ലത്ത് കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി. പാരിപ്പള്ളി വർക്കല മേഖലയിൽ കഞ്ചാവിന്റെ മൊത്ത വിൽപ്പനക്കാരായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്നു കഞ്ചാവ്. എച്ച് ആർ 26 ബിക്യു 8090 എന്ന നമ്പറുള്ള ഷവർലെ ക്രൂയിസ് കാറിലാണ് കഞ്ചാവ് കടത്തി കൊണ്ട് വന്നത്.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും കൊല്ലം എക്സൈസ് സർക്കിൾ സംഘവും കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സംഘവും സംയുക്തമായിട്ടാണ് പരിശോധന നടന്നത്.

ഒന്നാം പ്രതി വിഷ്ണു 100 കിലോയോളം കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് വിശാഖപട്ടണം ജയിലിൽ ഏഴ് മാസത്തോളം കഴിഞ്ഞ ശേഷം ജാമ്യത്തിൽ നിൽക്കവേയാണ് ഈ കേസിൽ പിടിയിലായത്. രണ്ടാം പ്രതി അനീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളുമാണ്.