- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ മഴയിൽ ഉരുൾപൊട്ടിയത് 25 ഓളം പ്രദേശത്ത് ; കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്ത് ജനകീയ പഠനം ആരംഭിച്ചു; പഠനം നടക്കുന്നത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ

കണ്ണൂർ: ഉരുൾപൊട്ടൽ ഉണ്ടായ കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്ത് ജനകീയ പഠനം തുടങ്ങി. കണിച്ചാർ, കേളകം പഞ്ചായത്തുകളിലാണ് ജനകീയ പഠനം നടക്കുന്നത്. കഴിഞ്ഞ മഴയിൽ കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്ത് മാത്രം 25 ഓളം സ്ഥലത്താണ് ഉരുൾപൊട്ടിയത്. ഗവേഷണ പഠനത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ജനകീയ പഠനം നടത്തുന്നത്.
നൂറുവർഷത്തോളമായി ഉരുൾപൊട്ടലോ പ്രകൃതിയുമായി ബന്ധപ്പെട്ട മറ്റ് അനിഷ്ട സംഭവങ്ങളും ഇല്ലാതിരുന്ന പ്രദേശമാണിത്. മൂന്നുമാസത്തോളം നീണ്ടുനിൽക്കുന്ന പഠനം കണ്ണൂർ സർവ്വകലാശാലയുടെ സഹകരണത്തോടെയാണ് നടത്തുക. ഗവേഷണ പഠനത്തിന്റെ ഭാഗമായി ശാസ്ത്രീയ ലബോറട്ടറി പഠനവും ഉണ്ടാവും.
പേരാവൂർ മലബാർ ബി എഡ് കോളേജിലെ 50 വിദ്യാർത്ഥികളും ഗവേഷണ പഠനത്തിൽ പങ്കാളികളാവും. സുസ്ഥിര വികസനത്തിന് പ്രാദേശിക ജനതയെ സജ്ജമാക്കുകയാണ് പഠന ലക്ഷ്യം. നെടുംപൊയിൽ മേഖലയിലും കേളകം മേഖലയിലും പ്രവർത്തിക്കുന്ന ക്വാറി പ്രകൃതിക്ക് നൽകുന്ന സമ്മർദ്ദമാണ് പെട്ടെന്നുണ്ടായ ഉരുൾപൊട്ടലിനു കാരണമെന്ന് നാട്ടുകാരായ ആളുകളിൽ ശക്തമായ അഭിപ്രായം ഉയർന്നിട്ടുണ്ട്.
കണ്ണൂർ സർവ്വകലാശാലയിലെ വളണ്ടിയർമാർ, പരിഷത്ത് ക്യാമ്പസ് യുവ സമിതി പ്രവർത്തകർ, ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ പ്രവർത്തകർ ഉൾപ്പെടെ 84 ഓളം പേർ പങ്കെടുത്തു. പരിസ്ഥിതി ഭൗമ ശാസ്ത്ര ഗവേഷകരും പദ്ധതിയോടൊപ്പം ഉണ്ട്. രണ്ടുദിവസമായി നടന്ന പഠനത്തിന് കണ്ണൂർ യൂണിവേഴ്സിറ്റി എൻവിയോൺമെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോക്ടർ കെ മനോജ്, ഡോക്ടർ ടി കെ പ്രസാദ് , ഡോക്ടർ കെ ഗീദാനന്ദൻ എന്നിവർ അക്കാദമിക് നേതൃത്വം വഹിച്ചു.


