- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്ര വേട്ടയാടിയാലും ഒത്തുതീർപ്പ് രാഷ്ട്രീയവുമായി സമരസപ്പെടില്ല; വസ്തുതാപരമായി മറുപടി പറയാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ എം എൽ എ
മലപ്പുറം: മുഖ്യമന്ത്രിയുടെ മകൾക്കെതിരെ വസ്തുതകൾ നിരത്തി ആരോപണം ഉന്നയിച്ചതിന്റെ പേരിൽ എത്ര തന്നെ വേട്ടയാടിയാലും ഒത്തുതീർപ്പ് രാഷ്ട്രീയവുമായി സമരസപ്പെടില്ലെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. തന്റെ ബോധ്യത്തിൽ നിന്നാണ് ആരോപണം ഉന്നയിച്ചതെന്നും അതിന് ഇതുവരെ വസ്തുതാപരമായി മറുപടി പറയാൻപോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ തിരൂരങ്ങാടി ബ്ലോക്ക് യൂത്ത് കോൺഗ്രസ് പസിഡന്റ് എംപി വിനയന്റെ ഓർമ്മക്കായി വിനയൻ അനുസ്മരണ സമിതിയുടെ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു.
നിയമസഭയിൽ ആരോപണം ഉന്നയിച്ചതിനു പിന്നാലെ തന്റെ വസ്തു അളക്കാൻ റവന്യൂ അധികൃതരെ അയക്കുകയാണ് ചെയ്തത്. തുടർന്ന് പഞ്ചായത്തും കെ.എസ്.ഇ.ബിയുമെല്ലാം പലതരം പരിശോധനകളുമായെത്തി. ഒടുവിൽ വിജിലൻസ് അന്വേഷണവും ആരംഭിച്ചു. എന്തിനാണ് വയ്യാവേലിക്ക് നിൽക്കുന്നതെന്ന് പലരും ഉപദേശിച്ചെന്നും തെറ്റു ചെയ്യാത്തതിനാൽ ഒരു ഭയവുമില്ലെന്നും തെളിവുകൾ ഉയർത്തി പോരാട്ടം തുടരുമെന്നും കുഴൽനാടൻ വ്യക്തമാക്കി.
കേരളം എല്ലാത്തിലും നമ്പർ വണ്ണെന്ന് പറയുമ്പോഴും വളരുന്ന തലമുറ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. കേരളത്തിലെ ഭരണം ചെറുപ്പക്കാർക്ക് ഒരു പ്രതീക്ഷയും നൽകുന്നില്ലെന്നും മിടുക്കരായ കുട്ടികൾ സ്വന്തം മാതാപിതാക്കളെ നാട്ടിൽ തനിച്ചാക്കി യൂറോപ്യൻ രാജ്യങ്ങളിൽ വയോജനങ്ങളെ ശുശ്രൂഷിക്കാനായി പോവുകയാണ്. അഴിമതി ഭരണത്തിനെതിരായ പോരാട്ടം നടത്തിയേ നവകേരളത്തെ സൃഷ്ടിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. അനുസ്മരണ സമ്മേളനം മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. നിർഭയമായ നിയമസഭാ പ്രവർത്തനമാണ് കുഴൽനാടൻ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച നിയമസഭാ സാമാജികനുള്ള വിനയൻ പുരസ്ക്കാരവും പ്രശസ്തിപത്രവും പി. കെ അബ്ദുറബ്ബ് മാത്യു കുഴൽനാടന് സമ്മാനിച്ചു. പി. അബ്ദുൽഹമീദ് എംഎൽഎ അനുസ്മരണ പ്രഭാഷണണം നടത്തി. നിർധന രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണം കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും തയ്യൽ മെഷീൻ വിതരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്മോഹനനും നിർവ്വഹിച്ചു. കൺവീനർ ലത്തീഫ് കല്ലിടുമ്പൻ ആധ്യക്ഷം വഹിച്ചു. ആർ.എസ് പണിക്കർ, വീക്ഷണം മുഹമ്മദ്, റിയാസ് മുക്കോളി, യു.കെ അഭിലാഷ്, പി.നിധീഷ്, ഒ.രാജൻ, വീരേന്ദ്രകുമാർ, ഉണ്ണിമൊയ്തു, പി. കോശി, അനുസ്മരണ സമിതി ചെയർമാൻ ഷാജി നമ്പാല, കെ. മോഹൻരാജ്, സലീഷ് വലിയവളപ്പിൽ എന്നിവർ പ്രസംഗിച്ചു.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ