- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ രണ്ടിടങ്ങളിൽ ഓൺലൈൻ തട്ടിപ്പ്: ഓൺലൈൻ ട്രേഡിൽ ലാഭം വാഗ്ദാനം ചെയ്തതിൽ വീണ മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് ഒൻപതരലക്ഷം
കണ്ണൂർ: ഓൺലൈൻ ട്രേഡിങ് ചെയ്താൽ കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ്് വിശ്വസിപ്പിച്ച് മട്ടന്നൂർ വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായെന്ന പരാതിയിൽ മട്ടന്നൂർ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
പരാതിക്കാരന്റെ മൊബൈൽ ഫോണിലേക്ക് തുടർച്ചയായ ദിവസങ്ങളിൽ ഓൺലൈൻ ട്രേഡിങ് ചെയ്യുന്നതിന് താൽപര്യമുണ്ടോയെന്നു ചോദിച്ചുകൊണ്ട് കോൾ വരികയായിരുന്നു. കോയിൻ ഡി.സി എക്സസെന്ന ട്രേഡിങ് മാർക്കെറ്റ് എന്ന സ്ഥാപനത്തിന്റെ വെബ് സൈറ്റ് വഴി പണം നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പലതവണകളായി തട്ടിപ്പുകാർ നൽകിയ വിവിധ അക്കൗണ്ടിലേക്ക് പണം അയച്ചു നൽകി. പിന്നീടാണ് ഇത് സ്ഥാപനത്തിന്റെ വ്യാജ വെബ്സൈറ്റാണെന്നും ഇതിനു പിന്നിൽ തട്ടിപ്പുകാരാണെന്നും പരാതിക്കാരന് മനസിലാകുന്നത്. നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ പണം അയച്ചതിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ആയതിനാൽ വീണ്ടും പണം നൽകിയാൽ മാത്രമേ തിരികെ നൽകാൻ പറ്റുമെന്നും അറിയിക്കുകയായിരുന്നു. തുടർന്നാണ് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.
മറ്റൊരു പരാതിയിൽ യോനോ ആപ്പിന്റെ പേരിൽ വ്യാജ മെസ്സേജ് അയച്ച് പണം തട്ടിയതിൽ എടക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാവിലായി സ്വദേശിയായ പരാതിക്കാരന്റെ മൊബൈൽ നമ്പറിലേക്ക് യോനോ റിവാർഡ് ലഭിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ അത് പിൻവലിക്കണമെന്നും വ്യാജ മെസ്സേജ് അയച്ച് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ഫോണിലേക്ക് വന്ന ഒ ടി പി പറഞ്ഞ് നൽകാൻ ആവശ്യപെടുകയായിരുന്നു. ഒ ടി പി പറഞ്ഞ് നൽകിയതോടെ പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും 49,875 രൂപ തട്ടിയെടുക്കുകയായിരുന്നു.
വാട്ട്സ്ആപ്പ് ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ കോളുകളോ ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യരുത്. അതിന്റെ അധികാരികത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മുന്നോട്ട് പോവണമെന്ന് പൊലിസ്മുന്നറിയിപ്പു നൽകി. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടണമെന്നും പൊലിസ് അറിയിച്ചു.



