- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അനിൽ അക്കര പുറത്തുവിട്ട കത്ത് പ്രതിപക്ഷ ആരോപണങ്ങളെ കുഴിച്ചുമൂടുന്നത്; സർക്കാർ വാദം ഈ രേഖയിലൂടെ പ്രതിപക്ഷം ശരിവയ്ക്കുന്നു'; മാപ്പ് പറയണമെന്ന് എം ബി രാജേഷ്
തിരുവനന്തപുരം: ലൈഫ് മിഷൻ കേസ് അനിൽ അക്കരയ്ക്ക് മറുപടിയുയമായി മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷ ആരോപണങ്ങളെ കുഴിച്ചുമൂടുന്നതാണ് അനിൽ അക്കരയുടെ കത്ത്. കത്തിൽ ലൈഫ് മിഷനോ സർക്കാരിനോ ബന്ധമില്ലെന്ന് പറയുന്നു. കത്തിൽ പറഞ്ഞത് തന്നെയാണ് സർക്കാർ വാദം. മുൻ എംഎൽഎയ്ക്കും പ്രതിപക്ഷ നേതാവിനും നന്ദിയെന്നും മന്ത്രി പറഞ്ഞു.
മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ വെളിപ്പടുത്തലോടു കൂടി പ്രതിപക്ഷം കഴിഞ്ഞ കുറേ കാലങ്ങളായി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരുന്ന അപവാദപ്രചാരണങ്ങളുടെ സംസ്കാരം അവർ തന്നെ നടത്തിയെന്ന് മന്ത്രി എം.ബി. രാജേഷ്. സർക്കാർ ഇത്രയും കാലം പറഞ്ഞു കൊണ്ടിരുന്ന വാദങ്ങൾ ഈ രേഖയിൽ കൂടി പ്രതിപക്ഷം ശരിവെക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി ഘട്ടം ഘട്ടമായി സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിനായിരുന്നു തീരുമാനിച്ചിരുന്നത്. ഇക്കാര്യം സർക്കാർ അസംബ്ലിയിൽ വ്യക്തമാക്കിയ കാര്യമാണ്. പിന്നീട് റെഡ്ക്രസന്റ് സ്പോൺസർഷിപ്പ് വാഗ്ദാനം ചെയ്തു. വാഗ്ദാനം സർക്കാർ സ്വീകരിച്ചു. നിർമ്മാണം നേരിട്ടു നടത്തുമെന്നും രേഖയിൽ പറയുന്നുണ്ട്. ഇക്കാര്യം നേരത്തെ തന്നെ തങ്ങൾ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. രേഖകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു മന്ത്രി അനിൽ അക്കരയ്ക്ക് മറുപടി നൽകിയത്.
ഭവനസമുച്ചയ നിർമ്മാണത്തിനുള്ള പ്ലാൻ റെഡ്ക്രസന്റ് തിരഞ്ഞെടുത്ത നിർമ്മാണ ഏജൻസിയായ യൂണിടാക് ലൈഫ് മിഷന് സമർപ്പിക്കുകയും, ലൈഫ് മിഷൻ അംഗീകാരം നൽകുകയും ചെയ്തുവെന്നാണ് രേഖയിൽ. നിർമ്മാണ ഏജൻസിയെ തിരഞ്ഞെടുത്തത് സംസ്ഥാന സർക്കാരല്ല, റെഡ്ക്രസന്റാണ്. നിർമ്മാണത്തിന് റെഡ്ക്രസന്റിൽ നിന്ന് സർക്കാർ സഹായം സ്വീകരിക്കുകയല്ല ചെയ്തത്, അവർ നേരിട്ട് നിർമ്മാണം നടത്തുകയാണ് ചെയ്തത്. അവർ നേരിട്ട് നിർമ്മാണം നടത്തിയ ഭവനസമുച്ചയങ്ങൾ സർക്കാർ ഗുണഭോക്താക്കൾക്ക് നൽകുക എന്നതായിരുന്നു ധാരണ. സർക്കാർ സാമ്പത്തിക സഹായങ്ങളോ സംഭാവനകളോ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് സാമ്പത്തികമായിട്ടുള്ള യാതൊരു ബാധ്യതയുമില്ല എന്ന് രേഖയിൽ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനിൽ അക്കരെ കത്ത് വായിച്ചിട്ടാണോ പുറത്തുവിട്ടത്, അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞുകൊടുത്ത് ഒരു കത്ത് കിട്ടി എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മുമ്പിലേക്ക് ഓടിയതാണോ എന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു. പുറത്തുവിട്ട കത്ത് ലൈഫ് മിഷനെക്കുറിച്ച് ഇന്നോളം നടത്തിയിട്ടുള്ള എല്ലാ അപവാദപ്രചരണങ്ങൾക്കുമുള്ള പ്രതിപക്ഷത്തിന്റെ തന്നെ മറുപടിയാണ്. പ്രതിപക്ഷം മാപ്പ് പറയേണ്ടതാണെന്നും എം.ബി. രാജേഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ