ആലപ്പുഴ: ആലുപ്പുഴയിലെ യൂത്ത് കോൺഗ്രസ് മാർച്ചിനിടയിലെ സംഘർഷത്തിൽ പരിക്കേറ്റ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന്റെ ആരോഗ്യനില ഗുരുതരം. ലാത്തിയടിയിൽ തലയ്ക്ക് പരിക്കേറ്റ മേഘയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റി.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് ഇന്നലെ ആലപ്പുഴ കലക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. പുരുഷ പൊലീസിന്റെ ലാത്തിയടിയിൽ നിരവധി വനിതാ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സംഘർഷത്തിലാണ് മേഘയുടെ തല പൊട്ടിയത്. അതീവ ഗുരുതരമാണ് അവസ്ഥ എന്നാണ് റിപ്പോർട്ട്.

മേഘ രഞ്ജിത്തിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് ഇന്നലെ രാത്രിയാണ് മാറ്റിയത്. മേഘയുടെ സ്ഥിതി ഗുരുതരമായതിനാലാണ് മാറ്റിയത്. ആലപ്പുഴയിൽ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലുകയും ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്‌റ് അരിത ബാബു അടക്കമുള്ള വനിത പ്രവർത്തകരേയും പൊലീസ് ക്രൂരമായി മർദ്ദിച്ചു. പുരുഷ പൊലീസുകാർ വനിതകളെ വളഞ്ഞിട്ട് തല്ലിയെന്ന് പ്രവർത്തകർ ആരോപിച്ചിരുന്നു.