മലപ്പുറം: മധ്യവയസ്‌കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മീറ്ററുകൾ അടുത്തായി കാട്ടുപന്നിയുടെ ജഡവും. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ്. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനകൾക്കായി പൂക്കോട്ട് ലാബിലേക്ക് അയക്കും. എടക്കര മുപ്പിനിയിൽ വാതിർത്തിയിലെ തോട്ടിലാണ് ചുങ്കത്തറ കുന്നത്ത് പുളിമൂട്ടിൽ ജോർജ്കുട്ടിയെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. ജോർജ്കുട്ടിയുടെ മൃതദേഹത്തിന് മീറ്ററുകൾ അടുത്തായി കാട്ടുപന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് നിലമ്പൂർ റേഞ്ച് പരിധിയിൽ വള്ളുവശേരി സ്റ്റേഷൻ പരിധിയിലെ മുപ്പിനി വനാതിർത്തിയോട് ചേർന്നുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയ ജോർജ്കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ബുധനാഴ്ച എടക്കര പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ജോർജ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തോട്ടിലെ വെള്ളത്തിൽ കിടന്നിരുന്ന മൃതദേഹത്തിന്റെ തല ഭാഗം കരയോട് ചേർന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് എടക്കര പൊലീസ് ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി. നിലമ്പൂർ വനം റേഞ്ച് ഓഫീസർ അൻവർ, വള്ളുവശേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി. ശ്രീജിത്ത്, എടക്കര വൈദ്യുത സെക്ഷൻ ഓഫീസിലെ സബ് എൻജിനീയർമാരായ മെൽബിൻ ആന്റണി, സാജൻ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തു നിന്നും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

എടക്കര വെറ്ററിനറി സർജൻ ഡോ. ചിന്നു, മൂത്തേടം വെറ്ററിനറി സർജൻ ശ്യാം എന്നിവരുടെ നേതൃത്വത്തിൽ കാട്ടുപന്നിയുടെ ജഡം പോസ്റ്റ്‌മോർട്ടം നടത്തി. എന്നാൽ, പ്രാഥമിക പരിശോധനയിൽ മരണകാരണം വ്യക്തമായിട്ടില്ല. വിദഗ്ധ പരിശോധനകൾക്കായി ആന്തരികാവയവങ്ങൾ പൂക്കോട്ട് ലാബിലേക്ക് അയക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്നാണ് അധികൃതർ പറയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം കാട്ടുപന്നിയുടെ ജഡം വനത്തിൽ സംസ്‌കരിച്ചു. ജോർജ് കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: മോളി. മക്കൾ: ജെയിൻ, ജെനി. മരുമക്കൾ: ടോണി, റീമ.