തിരുവനന്തപുരം: ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനായി സർക്കാരിന്റെ വിവിധ പദ്ധതികളുടെ സഹായത്തോടെ തന്ത്രങ്ങൾ നടപ്പാക്കി വരികയാണെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. ലോക ക്ഷീരദിനത്തോടനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ക്ഷീരോത്പാദനം കൂട്ടുന്നതിനൊപ്പം കന്നുകാലികളുടെ പരിപാലന ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങളും ആവിഷ്‌കരിച്ച് വരുന്നുണ്ട്.

ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ പ്രക്രിയയിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന പാൽ ഉൽപാദക സഹകരണസംഘമെന്ന നിലയിൽ ഈ ഉദ്യമങ്ങളിൽ മിൽമയുടെ സജീവപങ്കാളിത്തമാണുള്ളത്. ഭാവിയെ മുന്നിൽക്കണ്ട് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതാണെന്നും കെ എസ് മണി പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്ഷീരമേഖലയിൽ ഗണ്യമായ വളർച്ചയാണ് മിൽമ കൈവരിച്ചിട്ടുള്ളത്. 2023-24 ൽ 4,311 കോടി രൂപയാണ് മിൽമയുടെ മൊത്ത വരുമാനം. കോവിഡ് പ്രതിസന്ധി തരണം ചെയ്താണ് ഈ നേട്ടം.

ഉത്പാദനത്തിന്റെയും വിൽപനയുടെയും ഇടയിലുള്ള അന്തരം കുറയ്ക്കുകയെന്നത് മിൽമയുടെ മുൻഗണനയിലുണ്ട്. ഏപ്രിൽ മാസത്തിൽ മിൽമയുടെ പ്രതിദിന സംഭരണം 10.31 ലക്ഷം ലിറ്ററായിരുന്നു. മെയ്‌ മാസത്തിൽ ഇത് 11.96 ലിറ്ററായിട്ടുണ്ട്. ഈ കാലയളവിലെ വിൽപന 17.56 ലക്ഷം ലിറ്ററാണ്.

ഇന്ന് ലോകത്ത് ഏറ്റവും വലിയ ക്ഷീരോത്പാദകർ ഇന്ത്യയാണെന്നുള്ളത് അഭിമാനിക്കാവുന്ന വസ്തുതയാണ്. ആഗോള പാലുൽപ്പാദനത്തിന്റെ 24.64 ശതമാനമാണ് ഈ മേഖലയിൽ ഇന്ത്യയുടെ സംഭാവനയെന്നും ചെയർമാൻ പറഞ്ഞു.

ത്രിഭുവൻദാസ് പട്ടേലും ധവളവിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന മലയാളി ഡോ. വർഗീസ് കുര്യനും ചേർന്നുണ്ടാക്കിയ സഹകരണ പ്രസ്ഥാനത്തിലൂടെ നടത്തിയ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ക്ഷീരമേഖലയിൽ രാജ്യം കൈവരിച്ചിട്ടുള്ള നേട്ടത്തിലൂടെ വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക അവസ്ഥ വലിയ തോതിൽ മെച്ചപ്പെട്ടു.

സഹകരണ ഫെഡറലിസം മാതൃകയിൽ പ്രവർത്തിക്കുന്ന മിൽമയ്ക്ക് മലബാർ, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലാ സംഘങ്ങളുണ്ട്. ഇവയിലെ 3300 പ്രാഥമിക സഹകരണ സംഘങ്ങളിലായി 10 ലക്ഷത്തോളം ക്ഷീരകർഷകരാണ് മിൽമയ്ക്കുള്ളത്.

മിൽമയുടെ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന ഘടകം റിപൊസിഷനിങ് മിൽമ എന്ന ബ്രാൻഡ് നവീകരണമാണ്. ചോക്ലേറ്റ്, ബട്ടർ ബിസ്‌ക്കറ്റ്, ഇൻസ്റ്റന്റ് ഭക്ഷ്യപദാർത്ഥങ്ങൾ, റെഡി ടു ഈറ്റ്, റെഡി ടു കുക്ക് എന്നീ പുതിയ ഉത്പന്നങ്ങൾക്ക് പുറമെ പാലിന്റെ തരംതിരിക്കൽ, വില ക്രമീകരിക്കൽ തുടങ്ങിയവ ഈ ഉദ്യമത്തിൽ ഉൾപ്പെട്ടിരിക്കുന്നു. മിൽമയുടെ വിപണി സാന്നിദ്ധ്യം വിപുലീകരിക്കുന്നതിന് ഇത് ഏറെ സഹായകരമായെന്നും കെ എസ് മണി പറഞ്ഞു.

കഴിഞ്ഞ വർഷം മിൽമയുടെ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരങ്ങളുടെ പെരുമഴക്കാലം ആയിരുന്നു. ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു മിൽക്ക് ഫെഡറേഷനായി മിൽമ ഇന്ന് മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും അണുഗുണനിലവാരം കൂടിയ പാൽ, മികച്ച ക്ഷീര സംഘങ്ങൾക്കുള്ള ദേശീയ പുരസ്‌കാരം, ഊർജ്ജ സംരക്ഷണ രംഗത്തെ ദേശീയ അവാർഡുകൾ, ആയുർവ്വേദ വെറ്ററിനറി മരുന്നുകൾ പ്രചരിപ്പിച്ചതിൽ പ്രധാനമന്ത്രിയുടെ പ്രശംസ, കാലാവസ്ഥ വ്യതിയാന ഇൻഷുറൻസ് രാജ്യത്തു ആദ്യമായി നടപ്പിലാക്കിയ ക്ഷീര സഹകരണ പ്രസ്ഥാനം എന്നിവ മിൽമയുടെ അടുത്ത കാലത്തുള്ള നേട്ടങ്ങളിൽ ചിലത് മാത്രമാണ്.

ക്ഷീരകർഷകർക്ക് ഏറ്റവും കൂടുതൽ വില നൽകുന്നത് നമ്മൾ ആണെങ്കിലും ഉത്പാദന ചെലവ് കൂടുതലുള്ള സംസ്ഥാനവും നമ്മുടേതാണ്. അതുകൊണ്ടു ഉത്പാദന ചെലവ് കുറക്കാനുള്ള പദ്ധതികളിലൂടെയും, ഉത്പാദന ക്ഷമത വർധിപ്പിച്ചും നമുക്ക് സ്വയം പര്യാപതത കൈവരിക്കേണ്ടതുണ്ട്.

ക്ഷീരകർഷകരോടുള്ള പ്രതിബദ്ധതയും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് മിൽമയുടെ ഉയർച്ചയുടെ രണ്ട് തൂണുകൾ. പ്രതിസന്ധി ഘട്ടത്തിൽ പോലും കർഷകരുടെ പ്രയത്‌നത്തിന് ഏറ്റവും ഉയർന്ന വില തന്നെ ലഭിച്ചുവെന്ന് മിൽമ ഉറപ്പു വരുത്തി. അതോടൊപ്പം ഉപഭോക്താക്കൾക്ക് ഒരു ദിവസം പോലും മുടക്കം വരുത്താതെ പാലും പാലുൽപ്പന്നങ്ങളും ലഭ്യമാക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.