മലപ്പുറം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ ഖനന പ്രവൃത്തികളും ഉടൻ നിർത്തിവെക്കാൻ കലക്ടർ വി.ആർ. വിനോദ് നിർദ്ദേശം നൽകി. ജില്ലാ ജിയോളജിസ്റ്റ് ഇത് ഉറപ്പു വരുത്തണം. റെഡ് അലർട്ട് മുന്നറിയിപ്പ് അസാനിച്ച് 24 മണിക്കൂറിനു ശേഷമേ പ്രവർത്തനങ്ങൾ പുനരാരംഭിക്കാവൂ. അപകട സാധ്യതയുള്ള മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആവശ്യമെങ്കിൽ താത്ക്കാലികമായി അടച്ചിടാനും കളക്ടർ നിർദ്ദേശം നൽകി.

മുൻകരുതൽ നടപടികളുടെ ഭാഗമായി ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സ്ഥലങ്ങളിൽ നടപടികളുമായി ജനങ്ങൾ സഹകരിക്കണം. ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളും ജാഗ്രത പാലിക്കണമെന്നും വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനായ കളക്ടറുടെ അധ്യക്ഷതയിൽ സബ് കലക്ടർമാരുടെയും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുടെയും തഹസിൽദാർമാരുടെയും ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.