തിരുവനന്തപുരം: ജനവാസമേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാധാരണക്കാരാണ് വന്യജീവി ആക്രമണങ്ങൾ ഇരയാകുന്നത്. 9 മാസത്തിനിടെ 85 പേരാണ് വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

നഷ്ടപരിഹാരം നൽകാനോ വന്യജീവി ആക്രമണങ്ങൾ തടയാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാനോ സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മലയോര മേഖലയിലെ യു.ഡി.എഫ് എംഎ‍ൽഎമാർ നിയമസഭയിൽ നിന്നും വനം മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

വനാതിർത്തികളിലുള്ള ആയിരക്കണക്കിന് ഹെക്ടർ സ്ഥലത്ത് ഒരു തരത്തിലുള്ള കൃഷിയും ചെയ്യാനാകാത്ത അവസ്ഥയാണ്. വന്യമൃഗങ്ങളെ ഭയന്ന് വീടിന് പുറത്ത് ഇറങ്ങാനാകാത്ത തരത്തിലുള്ള ഭീതിതമായ സാഹചര്യമാണ്. എന്നിട്ടും വയനാടിന്റെ ചുമതല കൂടിയുള്ള വനം മന്ത്രി കാട്ടിയത് നിഷ്‌ക്രിയത്വമാണ്. വളരെ ലാഘവത്വത്തോടെയാണ് ഈ വിഷത്തെ സർക്കാർ സമീപിക്കുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം നേരിടാൻ ഈ വർഷത്തെ ബജറ്റിൽ 48 കോടി രൂപമാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇലക്ട്രിക്് ഫെൻസിങിന് പോലും ഈ പണം തികയില്ല. മരിച്ചവർ ഉൾപ്പെടെ ഏഴായിരത്തോളം പേർക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. സമാധാനപരമായി യു.ഡി.എഫ് എംഎ‍ൽഎമാർ നടത്തിയ മാർച്ച് വരാനിരിക്കുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയാണ്.

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും മാർച്ചിനെ അഭിസംബോധന ചെയ്തു. എംഎ‍ൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ടി. സിദ്ദിഖ്, ഐ,സി ബാലകൃഷ്ണൻ, എ.പി അനിൽകുമാർ, നജീബ് കാന്തപുരം, എ. ഷംസുദ്ദീൻ, ഷാഫി പറമ്പിൽ, സനീഷ് കുമാർ ജോസഫ്, റോജി എം. ജോൺ, എൽദോസ് കുന്നപ്പള്ളി, മാത്യു കുഴൽനാടൻ, ഉമ തോമസ്, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, സി.ആർ മഹേഷ്, പി.സി വിഷ്ണുനാഥ്, എം വിൻസെന്റ് തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.