പാറശാല: പൊഴിയൂർ പൊഴിക്കരയിൽ സുഹൃത്തിനൊപ്പം കടൽത്തീരത്തെത്തിയ കോളജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ. പൊഴിയൂർ പൊയ്‌പ്പള്ളിവിളാകം സ്വദേശി മത്സ്യത്തൊഴിലാളിയായ സാജനാണ് (29) അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി പൊഴിയൂർ സ്വദേശി ഐബിൻ (34), പെൺകുട്ടിയുടെ സുഹൃത്ത് ശരത്ചന്ദ്രൻ (19) എന്നിവരെ രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെയും കർണാടകയിലെയും ഹാർബറുകളിലാണ് സാജൻ ഒളിവിൽ കഴിഞ്ഞിരുന്നതെന്നും ട്രെയിനിൽ വരുന്നതായി വിവരമറിഞ്ഞ് പൊഴിയൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതിയെ പിന്തുടർന്ന് തിരുവനന്തപുരത്തെത്തിയപ്പോൾ പിടികൂടുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. ജൂലൈ 14ന് രാത്രി പൊഴിയൂർ പൊഴിക്കരയിലാണ് പീഡനം നടന്നത്. മാതാവിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേന പെൺകുട്ടിയെ ശരത്ചന്ദ്രൻ പൊഴിക്കരയിൽ വിളിച്ചു വരുത്തുകയായിരുന്നു.

അസ്വാഭാവിക ചുറ്റുപാടിൽ ഇരുവരെയും കണ്ട മത്സ്യത്തൊഴിലാളികളായ സാജനും ഐബിനും യുവാവിനെ ഭീഷണിപ്പെടുത്തി മാറ്റിയശേഷം യുവതിയെ കത്തികാട്ടി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ശേഷം പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തിയ പ്രതികൾ വിളിക്കുമ്പോൾ എത്തണമെന്ന് ഭീഷണി നൽകിയാണ് വിട്ടയച്ചത്.

സുഹൃത്തുക്കൾ ചേർന്നുള്ള മദ്യപാനത്തിനിടയിൽ പ്രതികളുടെ ഫോണിൽനിന്നുള്ള പീഡന ദൃശ്യം പുറത്തായതോടെ പെൺകുട്ടിക്ക് വന്ന വിവാഹാലോചന മുടങ്ങിയിരുന്നു. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെ രാത്രി പൊഴിക്കരയിലെത്തിച്ചത് ഗുരുതര കുറ്റമായതിനാലാണ് ശരത്ചന്ദ്രനെയും കേസിൽ പ്രതിയാക്കിയത്.